ഐക്കരനാട് പഞ്ചായത്തിലെ എസ്സി കമ്യൂണിറ്റി സെന്റർ നിറയെ മാലിന്യക്കൂന്പാരം
1589942
Monday, September 8, 2025 4:39 AM IST
കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പുതിയ നാലാം വാർഡിലെ എസ്സി കമ്യൂണിറ്റി സെന്റർ നിറയെ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമാക്കി മാറ്റിയതായി ആക്ഷേപം. പട്ടികജാതി വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് സാധാരണക്കാരനായ ഈ നാട്ടുകാരുടെയും വിവാഹവും മറ്റു ആവശ്യങ്ങളും നടത്തിയിരുന്നത് വിശാലമായ ഈ സെന്ററിലാണ്. ഈ സാഹചര്യത്തിലും പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഇവിടെയാണ് നിക്ഷേപിക്കുന്നത്.
പത്തോളം കുട്ടികൾ പഠിക്കുന്ന എഴിപ്രം അങ്കണവാടി ഈ പ്ലാസ്റ്റിക് മാലിന്യത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളും നാട്ടുകാരും പഞ്ചായത്ത് അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവിടം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. അടിയന്തരമായി ഈ മാലിന്യക്കൂമ്പാരം കമ്യൂണിറ്റി സെന്ററിൽ നിന്നു മാറ്റി ആളുകൾക്ക് ഓഡിറ്റോറിയം ഉപയോഗിക്കുവാനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.
യോഗം ഡിസിസി ജനറൽ സെക്രട്ടറി സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ മാത്യു കുരുമോളത്ത്, ജെയിംസ് പാറേക്കാട്ടിൽ, എം.കെ. വേലായുധൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോസ് മറ്റത്തിൽ, എൽദോ പാപ്പാരിൽ, രാജേഷ് രാജു, പോൾ പി. തോമസ്, വിപിൻ വാലേത്ത്, കെ.ഐ. ജോസഫ്, രാഹുൽ ബ്രാഡിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം.