ഇലഞ്ഞി പൈങ്കുറ്റിയിൽ കുടിവെള്ള പൈപ്പ്പൊട്ടി റോഡ് തകർന്നു
1589945
Monday, September 8, 2025 4:44 AM IST
ഇലഞ്ഞി: ഇലഞ്ഞി പിറവം റോഡില്‍ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ്പൊട്ടി റോഡ് തകര്‍ന്നു. പൈങ്കുറ്റി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്‍വശത്താണ് പൈപ്പ് പൊട്ടി റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്.
പൈങ്കുറ്റി ജംഗ്ഷനു സമീപത്തെ വളവിലാണ് കുഴി. പിറവം ഭാഗത്ത് നിന്നും ഇലഞ്ഞിയിലേക്ക് എത്തുന്ന വാഹനങ്ങള്‍ വളവ് തിരിഞ്ഞത്തുമ്പോഴാണ് റോഡിലെ കുഴികള്‍ ശ്രദ്ധയില്‍പ്പെടുക. കുഴി ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും എതിര്‍ദിശയില്‍ നിന്ന് എത്തുന്ന വാഹനങ്ങളിലോ ആളുകള്‍ക്ക് നേരെയോ വാഹനങ്ങള്‍ പാഞ്ഞടുക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
വാഹനങ്ങള്‍ കുഴികളില്‍ ചാടുന്പോൾ നിറഞ്ഞു നടക്കുന്ന മലിനജലം പൂര്‍ണമായും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വിശ്രമിക്കുന്ന ആളുകളുടെ ദേഹത്തേക്ക് തെറിക്കുകയും ചെയ്യുന്നു. അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല എന്നാണ് സമീപവാസികളുടെ ആരോപണം.
മാസങ്ങള്‍ പിന്നിട്ടിട്ടും പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികള്‍ നടത്താനോ കുഴികള്‍ മൂടി അപകടാവസ്ഥ ഒഴിവാക്കാനോ അധികാരികള്‍ തയാറായിട്ടുമില്ല. അടിയന്തരമായി പൈപ്പ് ലൈനുകള്‍ നന്നാക്കി കുഴികള്‍ മൂടി യാത്ര സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.