ആലുവ മഹിളാലയം ജംഗ്ഷനിൽ റോഡ് കൈയേറി അനധികൃത കച്ചവടമെന്ന് പരാതി
1590204
Tuesday, September 9, 2025 4:02 AM IST
ആലുവ: അനധികൃത കച്ചവടക്കാരെ പലവട്ടം ഒഴിപ്പിച്ചിട്ടും വീണ്ടും മഹിളാലയം ജംഗ്ഷനിൽ റോഡ് കൈയേറി വഴിയോര വില്പന തകൃതി. ആലുവ-പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലെ മഹിളാലയം ജംഗ്ഷൻ മുതൽ സീപോർട്ട്-എയർപോർട്ട് റോഡിലെ തുരുത്ത് പാലം വരെയാണ് റോഡ് കൈയേറി കച്ചവടം നടത്തുന്നത്.
കൊച്ചി വിമാനത്താവളത്തിലേക്ക് മഹിളാലയം ജംഗ്ഷനിൽ നിന്നു ചൊവ്വര വഴി പോകുന്ന സീപോർട്ട്- എയർപോർട്ട് റോഡിലെ രണ്ട് പാലങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് കാലത്താണ് വ്യാപകമായ കൈയേറ്റം ആരംഭിച്ചത്. നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തര പരാതിയെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അനധികൃതമായി നിർമിച്ച ഷെഡുകൾ രണ്ടുവട്ടം എടുത്ത് മാറ്റിയതാണ്.
എന്നാൽ വീണ്ടും ഷെഡുകൾ കൂണുകൾ പോലെ മുളയ്ക്കുന്നതായാണ് പരാതി. സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ മഹിളാലയം, തുരുത്ത് പാലങ്ങളിൽ ഗതാഗതക്കുരുക്കും രൂപപ്പെടുന്നുണ്ട്. കൈയേറ്റം കാരണം കാൽനടക്കാർക്ക് റോഡിലൂടെ നടക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ പൊതുമരാമത്ത്-റവന്യൂ വകുപ്പുകൾ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.