കേരളത്തിലെ പോലീസ് ഭ്രാന്ത് പിടിച്ച അവസ്ഥയില്‍: ടി.ജെ. വിനോദ് എംഎല്‍എ
1590201
Tuesday, September 9, 2025 3:42 AM IST
കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
കൊച്ചി: ഭ്രാന്തു പിടിച്ച അവസ്ഥയിലേക്ക് കേരളത്തിലെ പോലീസ് മാറിയെന്ന് ടി.ജെ. വിനോദ് എംഎല്‍എ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ജനങ്ങളുടെ ഘാതകരായി മാറിയിരിക്കുകയാണെന്നും സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന നരനായാട്ട് കണ്ട് കേരളജനത ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പോലീസിനെതിരെ ഉയരുന്ന പരാതികളില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീച്ചി സ്റ്റേഷനില്‍ ഹോട്ടലുടമയെ നീചവും ക്രൂരവുമായി മര്‍ദിച്ച രതീഷ് എന്ന പോലീസുകാരനെ പ്രമോഷനോടെ കടവന്ത്ര സ്റ്റേഷനില്‍ നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.
കുന്നംകുളം സ്റ്റേഷനില്‍ കണ്ടത് മാനവരാശിയെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സേന, പരാതി നല്കാനെത്തുന്നവരെ മൃഗീയമായി ആക്രമിക്കുന്ന സ്ഥിതിയാണ്. പീച്ചി പോലീസ് സ്റ്റേഷനിലെ സംഭവത്തില്‍ ഒത്തു തീര്‍പ്പിനായിരുന്നു ആരോപണ വിധേയനായ പോലീസുകാരന് ശ്രമിച്ചത്.
ഒത്തുതീര്‍പ്പിന് നല്‍കാമെന്നേറ്റ പണത്തില്‍ പോലും കൈയിട്ടുവാരുന്ന സംഭവം ഇന്നു പുറത്തു വന്നിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോ, എല്ലാറ്റിനും അഭിപ്രായം പറയുന്ന പാര്‍ട്ടി സെക്രട്ടറിയോ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും എംഎല്‍എ ചോദിച്ചു. മൃഗീയ മനസ്ഥിതിയുള്ള പോലീസുകാരെ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, നേതാക്കളായ ജയ്സണ്‍ ജോസഫ്, കെ.എം. സലിം, ആശ സനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.