കരുമാലൂർ മേഖലയിൽ വീണ്ടും മോഷണശ്രമം
1590481
Wednesday, September 10, 2025 4:44 AM IST
കരുമാലൂർ: കരുമാലൂർ മേഖലയിൽ വീണ്ടും മോഷണശ്രമം. കഴിഞ്ഞ ദിവസം പുലർച്ചെ 12.10 നു മറിയപ്പടി പാലയ്ക്കൽ ഭാഗത്തെ കെട്ടിടത്തിലാണ് മോഷണശ്രമമുണ്ടായത്. വിദേശത്തു താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ അബ്ദുൾ ഹുസൈൻ സിസിടിവി ദൃശ്യം വഴി മോഷ്ടാവ് അകത്ത് കയറുന്നത് കണ്ടതിനെ തുടർന്ന് കെട്ടിടം നോക്കാൻ ഏൽപ്പിച്ച ആളെ വിളിച്ചറിയിച്ചു.
ഇവർ വരുന്നതു കണ്ട മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഉടനെ പോലീസിനെ വിവരമറിയിച്ചു. ആലങ്ങാട് പോലീസെത്തി നടത്തിയ പരിശോധനയിൽ മോഷ്ടാവ് കൊണ്ടുവന്ന ബാഗും ഉപകരണങ്ങളും കണ്ടെടുത്തു.
ഇതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കരുമാലൂർ പുറപ്പിള്ളിക്കാവ് ഭാഗത്തു വീടു കുത്തിത്തുറന്നു 8,000 രൂപയും കാൽ പവൻ തൂക്കം വരുന്ന സ്വർണ കമ്മൽ കവരുകയും കരുമാലൂർ തട്ടാംപടി ഭാഗത്തെ വീടു കുത്തിത്തുറക്കാൻ ശ്രമവും നടന്നിരുന്നു. അടിക്കടി മോഷണങ്ങൾ നടന്നിട്ടും പോലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
കരുമാലൂർ- ആലങ്ങാട്- കടുങ്ങലൂർ പ്രദേശങ്ങളിൽ മോഷ്ടാക്കളുടെയും ആക്രി സംഘങ്ങളുടെയും ശല്യം കൂടി വരുന്ന സാഹചര്യത്തിൽ ജനം ഭീതിയിലാണ്. സ്ഥിരമായി മോഷണങ്ങൾ നടക്കുന്നതിനാൽ ആലങ്ങാട് പോലീസ് രാതികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.