മഹാരാജാസ് കോളജിന് സ്റ്റേഡിയത്തിലെ കടമുറി വാടകയിനത്തില്‍ കിട്ടാനുള്ളത് മൂന്നരക്കോടി
1594805
Friday, September 26, 2025 3:17 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്റ്റേഡിയം പവലിയനിലുള്ള കടമുറികളുടെ വാടകയിനത്തില്‍ കിട്ടാനുള്ളത് മൂന്നരക്കോടിയോളം രൂപ. കോളജ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നു വീണിട്ടും കോളജ് വികസന ഫണ്ടിന്റെ അഭാവം മൂലം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത അവസ്ഥയിലാണ് ഇത്രയധികം രൂപ കോളജിന് കുടിശിഖ ഇനത്തില്‍ കിട്ടാനുള്ളത്.
13 കട മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലെ എല്ലാ കടകളും വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നായി 3,31,42,497 രൂപയാണ് കുടിശിക ഇനത്തില്‍ കിട്ടാനുള്ളതെന്നാണ് അഡ്വ. ടി.ജി. റിതിന് ഗോപിക്ക് ലഭിച്ച വിവരാവകാശ രേഖകളാണ് സൂചിപ്പിക്കുന്നത്.
സ്ഥാപന മേധാവിയായ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനാണ് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിനും വാടകക്കരാറില്‍ ഏര്‍പ്പെടുന്നതിനും വാടക പിരിക്കുന്നതിനുമുള്ള ഉത്തരവാദിത്വമെന്ന് രേഖകളിലുണ്ട്. ഓരോ കടമുറിക്കും ചതുരശ്രയടിക്ക് 32.22 രൂപ നിരക്കിലാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.
വാടക കുടിശിക കിട്ടാത്തതിനെ തുടര്‍ന്ന് ഷോപ്പ് ഉടമകളുമായി റെന്റ്് കണ്ട്രോള് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണെന്നും വിവരാവകാശ രേഖകളില്‍ പറയുന്നു. അതേസമയം, ഫണ്ടിന്റെ അപര്യാപ്തത മൂലം കോളജില്‍ അടിസ്ഥാന സൗകര്യ വികസനം പോലും നടക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. കോളജ് കെട്ടിട്ടങ്ങള്‍ പലതും അപകടാവസ്ഥയിലാണ്.
ഈ അടുത്ത കാലത്ത് കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിഞ്ഞു വീഴുകയുണ്ടായി. ഹിസ്റ്ററി ബ്ലോക്കും മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ പല ഭാഗങ്ങളും അപകടാവസ്ഥയിലാണ്. കോളജിന് കിട്ടാനുള്ള കോടികള്‍ ആരാണ് അന്യായമായി വാങ്ങുന്നതെന്നതില് അന്വേഷണം നടത്തണമെന്ന് മഹാരാജാസ് കോളജ് കെഎസ് യു യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് ആവശ്യപ്പെട്ടു.