കോളജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; 20 വിദ്യാർഥികൾ ചികിത്സയിൽ
1594807
Friday, September 26, 2025 3:17 AM IST
ആലുവ: എടത്തല കെഎംഇഎ കോളജ് ഹോസ്റ്റലിൽ 20 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിവിധ ആശുപത്രികളിൽ ഇവർ ചികിത്സ തേടി. ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്.
ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കെഎംഇഎയുടെ മൂന്ന് കോളജുകളും ഹോസ്റ്റലുകളും ഒക്ടോബർ അഞ്ചു വരെ അടച്ചു. ഭക്ഷ്യവിഷ ബാധയേറ്റ വിദ്യാർഥികൾ കളമശേരി മെഡിക്കൽ കോളേജ്, എടത്തല പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യ ക്ലിനിക്കുകൾ എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്.
ബുധനാഴ്ച രാത്രി ഹോസ്റ്റലിൽ താമസിക്കുന്ന അഞ്ചു പേർക്കാണ് ആദ്യം അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഹോസ്റ്റലിലെ മോട്ടോർ തകരാറിലായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ടാങ്കർ വെള്ളമാണ് ഉപയോഗിച്ചത്.
ഈ വെള്ളമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് സൂചന. ഇന്നലെ കൂടുതൽ പേർക്ക് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസിൽ ഉപരോധിച്ചു. ഇതേതുടർന്ന് 28 വരെ കോളജുകളും ഹോസ്റ്റലുകളും അടച്ചിടാനും ശുചീകരണം നടത്താനും തീരുമാനിച്ച് പിരിഞ്ഞു.
എന്നാൽ വൈകുന്നേരം വീണ്ടും വിദ്യാർഥികൾ ഉപരോധം ആരംഭിച്ചു. ഹോസ്റ്റൽ അടയ്ക്കരുതെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ആവശ്യം. ഇത് പരിഗണിക്കാതെ ഒക്ടോബർ അഞ്ചുവരെ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.