സിയാൽ സമീപ പഞ്ചായത്തുകൾക്കായി നടപ്പാക്കുന്നത് 100 കോടിയുടെ വികസന പ്രവർത്തനങ്ങൾ
1594817
Friday, September 26, 2025 3:27 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ നടപ്പു സാമ്പത്തിക വർഷം സിയാൽ നടപ്പാക്കുന്നത് 100 കോടിയുടെ വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി പി. രാജീവ്. വിമാനത്താവളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ച് സിയാൽ ആസൂത്രണം ചെയ്തിട്ടുള്ള എയർപോർട്ട് റിംഗ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റിംഗ് റോഡിന്റെ ആദ്യ ഘട്ടമായ ഗേറ്റ് ആറ് മുതൽ കല്ലുംകൂട്ടം വരെയുള്ള ഭാഗമാണ് തുറന്നുകൊടുത്തത്.
വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ തെക്കു ഭാഗത്തുള്ള ഗേറ്റ് ആറു മുതൽ കാഞ്ഞൂർ പഞ്ചായത്തിലെ കല്ലുംകൂട്ടം വരെയുള്ള 600 മീറ്ററോളം ഭാഗത്താണ് ആദ്യഘട്ടമായി റോഡ് പണികഴിപ്പിച്ചിട്ടുള്ളത്. 1.6 കോടിയാണ് ചെലവ്.
വിമാനത്താവളത്തെയും പരിസര പ്രദേശത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തെക്ക്-വടക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് നിർമിക്കുന്നത്. സുരക്ഷാ വേലി, പേവ് ബ്ലോക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് പാലങ്ങൾ നിർമിക്കും
വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളിൽ സിയാലിന്റെ നേതൃത്വത്തിൽ മൂന്ന് പാലങ്ങൾ നിർമിക്കും. 40 കോടി ചെലവിൽ നിർമിക്കുന്ന പാലങ്ങളുടെ നിർമാണോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പുളിയാമ്പിള്ളി, മഠത്തിമൂല, ചൊവ്വര എന്നിവിടങ്ങളിലാണ് മൂന്ന് പാലങ്ങൾ നിർമിക്കാൻ സിയാൽ പദ്ധതിയിടുന്നത്. സിയാൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായാണ് നിര്മാണോദ്ഘാടനം നിർവഹിക്കുക.
200 മീറ്റർ നീളത്തിൽ നിർമിക്കുന്ന പുളിയാമ്പിള്ളി പാലം തുറവുങ്കര - പിരാരൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ചൊവ്വര - നെടുവന്നൂർ സൗത്ത് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചൊവ്വര പാലത്തിന്റെ നീളം 114 മീറ്ററാണ്. 177 മീറ്റർ നീളമുള്ള മഠത്തിമൂല പാലം കപ്രശേരി വെസ്റ്റ് - പുറയാർ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു.
പാലങ്ങളുടെ ഇരുവശങ്ങളിലുമായി നടപ്പാത, അനുബന്ധ റോഡുകൾ എന്നിവയും നിർമിക്കും.
കൊച്ചി വിമാനത്താവളത്തിന്റെ പരിസര പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും രക്ഷിക്കുക, ഗതാഗത അടിസ്ഥാന സൗകര്യ വികസനം എന്നിവ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാലങ്ങളുടെ നിർമാണം.
നിർമ്മാണോദ്ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.