തണ്ണീർത്തടം നികത്തുന്നതിനിടെ ക്ഷേത്രമതിൽ തകർന്ന സംഭവം: രണ്ടു പേർ അറസ്റ്റിൽ
1594814
Friday, September 26, 2025 3:17 AM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ രാത്രിയുടെ മറവിൽ തണ്ണീർത്തടം നികത്തുന്നതിനിടെ സമീപത്തെ ക്ഷേത്രമതിൽ തകർന്നു വീണ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി ആന്റണി ഔസേപ്പ് (55), ഇടക്കൊച്ചി മഠത്തിപ്പറമ്പിൽ നിധിൻ (30) എന്നിവരാണ് അറസ്റ്റിലായത്. നിധിന് കോടതി ജാമ്യം അനുവദിച്ചു. ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിനോട് ചേർന്നുള്ള തണ്ണീർത്തടം നികത്താൻ ചൊവ്വാഴ്ച രാത്രിയിലാണ് സംഘമെത്തിയത്. അൻപതോളം വലിയ ലോറികളിൽ മണ്ണ് എത്തിച്ച് ഒറ്റരാത്രികൊണ്ട് തണ്ണീർത്തടം പൂർണമായും നികത്താനായിരുന്നു പദ്ധതി. വൻകിട ഭൂവില്പന സംഘമാണ് ഇതിന് പിന്നിലുള്ളതെന്ന് നാട്ടുകാർ പറയുന്നു.
പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മതിൽ തകർന്നത് കണ്ടത്. വിവരമറിഞ്ഞ് ദേവസ്വം ഭാരവാഹികളും നാട്ടുകാരും സ്ഥലത്തെത്തി. രോഷാകുലരായ വിശ്വാസികളും നാട്ടുകാരും ചേർന്ന് പിന്നീട് റോഡ് ഉപരോധിച്ചു. രാവിലെ തുടങ്ങിയ റോഡ് ഉപരോധം വൈകുന്നേരത്തോടെയാണ് അവസാനിപ്പിച്ചത്. ക്ഷേത്രമതിലും റോഡും തകർന്നനിലയിലാണ്. ക്ഷേത്രവളപ്പിലുണ്ടായിരുന്ന ആൽമരം, മറ്റ് മരങ്ങൾ എന്നിവയും നികത്തലിനിടെ നശിച്ചിരുന്നു.
ക്ഷേത്രത്തിലേക്കുള്ള റോഡിൽ തള്ളിയ മണ്ണ്, ജെസിബി ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് റോഡ് തകർന്നത്. മണ്ണ് ഉപയോഗിച്ച് നികത്തുന്നതിനിടെ ക്ഷേത്രമതിലും തകർന്നിരുന്നു. തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര മതിലടക്കം തകർന്നതിൽ നാലു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കൊച്ചി തഹസിൽദാരും ഇടക്കൊച്ചി വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥലം പരിശോധന നടത്തിയിരുന്നു.
നികത്തൽ നടന്നത് പോലീസിന്റെ മൂക്കിൻതുമ്പിൽ
തണ്ണീർത്തടം നികത്തൽ നടന്നത് പോലീസിന്റെ മൂക്കിൻ തുമ്പിലെന്ന് അത് വഴി യാത്ര ചെയ്ത വാഹന യാത്രികർ. കണ്ണങ്ങാട്ട് പാലത്തിന്റെ ഇരുവശവും ചൊവ്വാഴ്ച പോലീസിന്റെ രാത്രികാല പരിശോധന ഉണ്ടായിരുന്നു. പരിശോധന നടക്കുന്നതിന്റെ മുന്നിലൂടെയാണ് ടോറസ് വാഹനത്തിൽ മണ്ണ് എത്തിച്ചു നികത്തിയത്.
പിറ്റേന്ന് വിവാദമായപ്പോഴാണ് പോലീസ് വിഷയത്തിൽ ഇടപെട്ടത്. ഇടക്കൊച്ചി മേഖലയിൽ നിരന്തരമായി തണ്ണീർത്തടം നികത്തുന്നുണ്ടെങ്കിലും പോലീസ് തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.