പറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് അഞ്ചു കോടിയുടെ ഭരണാനുമതി
1594827
Friday, September 26, 2025 3:39 AM IST
പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നതിനായി 2023-2024 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇത് പ്രകാരം 7,980 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിർമിക്കുന്നത്.
മൂന്ന് നിലയ്ക്കുള്ള ഫൗണ്ടേഷനോടെ നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോർ പൂർണമായും നിർമിക്കുന്നതിനും ബാക്കി തുക ഉപയോഗിച്ച് അതിനു മുകളിൽ ഒരു നില കൂടി പണിയുന്നതിനുമാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറിൽ ഡോക്ടർമാർക്ക് ഇരുന്ന് രോഗികളെ പരിശോധിക്കുവാനുള്ള മുറികൾ, രോഗികൾക്ക് ഇരിക്കുവാനുള്ള വിശാലമായ മുറി, പ്രൊസീജ്വർ റൂമുകൾ, രോഗികൾക്കുള്ള വാർഡും മുറികളും, റിസപ്ഷൻ എന്നിവ ഉൾപ്പെടുത്തിയാണ് പ്ലാൻ തയാറാക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് ഇതിന്റെ നിർമാണ ചുമതല.
സാങ്കേതികാനുമതി നൽകി പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപായി നിർമാണം ആരംഭിക്കുവാൻ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.