കോതമംഗലം ചെറിയപള്ളിയിൽ കന്നി 20 പെരുന്നാൾ കൊടിയേറി
1594835
Friday, September 26, 2025 3:47 AM IST
കോതമംഗലം: തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 340-ാം മത് ഓർമ്മപ്പെരുന്നാളിന് (കന്നി - 20) വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയേറ്റി. പരിശുദ്ധ ബാവായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിൽനിന്ന് പ്രദക്ഷണമായി പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്.
പ്രാർത്ഥനയ്ക്ക് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, മാനേജിംഗ് കമ്മിറ്റിയംങ്ങൾ എന്നിവർ നേതൃത്വം നൽകി. സഭയിലെ വൈദീകർ, എംഎൽഎ മാരായ ആന്റണി ജോൺ,
എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, മുൻ മന്ത്രി ടി.യു. കുരുവിള, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, മുൻസിപ്പൽ കൗൺസിലർമാരായ കെ.എ. നൗഷാദ്, ഷമീർ പനയ്ക്കൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, ജന പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക നേതാക്കൾ എന്നിവർ പങ്കെടുത്തു.
കൊടി ഉയർത്തലിനു ശേഷം കരിങ്ങാച്ചിറ ദൈവാലയത്തിൽനിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ബാവ കോതമംഗലത് എത്തി ചേർന്നപ്പോൾ ബാവയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽനിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്റെ അനുസ്മരണയിൽ ആണ് തമുക്ക് നേർച്ച നൽകുന്നത്. യൽദോ ബാവ കാലം ചെയ്ത സമയത്ത് പ്രകാശിച്ച കൽക്കുരിശിലെ പെരുന്നാൾ ഇന്ന് നടക്കും.