പാചക വാതകം : ഡെലിവറി ഏജന്റിനെക്കൊണ്ട് സിലിണ്ടറിന് ചോർച്ച ഇല്ലെന്ന് ഉറപ്പാക്കണം: കളക്ടർ
1594815
Friday, September 26, 2025 3:27 AM IST
കൊച്ചി: ഗ്യാസ് ഏജന്‍സികള്‍ സിലിണ്ടറുമായി വീടുകളിലെത്തുമ്പോള്‍ ഡെലിവറി ഏജന്റിനെക്കൊണ്ട് സിലിണ്ടര്‍ തുറന്ന് പരിശോധിച്ച് ചോർച്ച ഇല്ലെന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക.
ജില്ലയിലെ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം, ഏജന്‍സികളുടെ പ്രവര്‍ത്തനം, ഉപഭോക്താക്കളുടെ പരാതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി സംഘടിപ്പിച്ച പാചകവാതക അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പാചകവാതക വിതരണ രംഗത്ത് നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
പാചകവാതക സിലിണ്ടറുകളുടെ ചോർച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഓയില്‍ കമ്പനികളുടെ എമര്‍ജന്‍സി ഹെല്പ്പ്ലൈന് നമ്പറായ 1906ല്‍ നേരിട്ട് ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ഡെലിവറി വാഹനത്തിലുള്ള തൂക്ക പരിശോധനാ യന്ത്രത്തില്‍ സിലിണ്ടറിന്റെ തൂക്കം പരിശോധിച്ച് ഉറപ്പാക്കണമെന്നും ഡെലിവറി ഏജന്റുമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കാനും ഗ്യാസ് ഏജന്‍സി ഉടമകളോട് കളക്ടര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗാര്‍ഹിക പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 54 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ബിന്ദു അറിയിച്ചു. ഇതില്‍ 48 പരാതികള്‍ തീര്‍പ്പാക്കി.
ബാക്കിയുള്ള ആറ് പരാതികളില്‍ നടപടികള്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓയില്‍ കമ്പനി അധികൃതര്‍, പാചകവാതക വിതരണ ഏജന്‍സി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.