ആലുവ നഗരസഭാ ശതാബ്ദി പണപ്പിരിവ് : കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം
1594820
Friday, September 26, 2025 3:27 AM IST
ആലുവ: പാൻ നമ്പർ ഉപയോഗിച്ച് ശതാബ്ദി ആഘോഷത്തിനായി പിരിച്ച തുക ഓഡിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ബിജെപി കൗൺസിലർമാർ കൗൺസിലിൽ ഹാളിൽ നിന്നും വാക്കൗട്ട് നടത്തി.
ബിജെപി കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിര ദേവി എന്നിവരാണ് കൗൺസിലിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ചു തുടങ്ങിയ ബാങ്ക് അക്കൗണ്ട് ആയതിനാൽ അത് നഗരസഭയുടേതാണ്. ആ പണം നഗരസഭയുടെ കണക്കുകളിലോ ഓഡിറ്റിലോ വന്നിട്ടില്ല എന്നത് ഗുരുതര അഴിമതിയാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്ത് ആരോപിച്ചു.
ശതാബ്ദി ആഘോഷ എക്സിക്യൂട്ടീവ് കമ്മിറ്റി 2021 ഒക്ടോബർ 27ൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മൂന്നാമത്തെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് തുടങ്ങിയത് എന്നാണ് ബാങ്ക് വ്യക്തമാക്കിയത്. എന്നാൽ അങ്ങനെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയിട്ടില്ല എന്നും അത്തരത്തിലൊരു തീരുമാനം കൗൺസിലിൽ വന്നിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പാൻ നമ്പർ ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇടതുപക്ഷത്തിന്റെ കൗൺസിലർ യോഗത്തിൽ പ്രതികരിച്ചില്ല. കഴിഞ്ഞ നഗരസഭാ തെരെഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ചെയർമാൻ സ്ഥാനാർഥിയാണ് ശതാബ്ദിയാഘോഷ കൺവീനർ എന്നത് എൽഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.
ശതാബ്ദിയാഘോഷ പരിപാടികൾ ഇടതുപക്ഷം ബഹിഷ്ക്കരിച്ചെങ്കിലും ഏതാനും കൗൺസിലർമാർ സഹകരിച്ചിരുന്നു.