ഠാണ - ചന്തക്കുന്ന് വികസനം; ആശുപത്രി റോഡിലെ കാനനിര്‍മാണം അവസാനഘട്ടത്തില്‍
1582811
Sunday, August 10, 2025 8:11 AM IST
ഇരിങ്ങാലക്കുട: ഠാണ - ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട - കല്ലേറ്റുംകര റോഡില്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗത്ത് കാനനിര്‍മാണം അവസാനഘട്ടത്തില്‍. പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തില്‍ 100 മീറ്ററിലാണ് ഇരുവശത്തും കാന നിര്‍മിക്കുന്നത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് കോണ്‍ക്രീറ്റിടല്‍ ആരംഭിച്ചു. ഒരാഴ്ചയ്ക്കകം ഠാണാ മുതല്‍ ആശുപത്രി കവാടംവരയുള്ള കാനയുടെ പണികള്‍ പൂര്‍ത്തിയാകും. ശേഷം ചന്തക്കുന്ന് ജംഗ്ഷനും പോട്ട - മൂന്നുപീടിക റോഡിലും കുറച്ചുഭാഗത്ത് കാനനിര്‍മാണം പൂര്‍ത്തീകരിക്കും.
തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ നിര്‍മാണം കെഎസ്ടിപിയുടെ നേതൃത്വത്തിലാണ്. ആദ്യം പൂതംകുളം വരെ കാന നിര്‍മിക്കും. ഇതിനുപിന്നാലെ പൂതംകുളം മുതല്‍ സെന്റ്് ജോസഫ്സ് കോളജ് ഇറക്കംവരെ വൈദ്യുതിക്കാലുകള് മാറ്റിസ്ഥാപിക്കുന്ന ജോലി വൈകാതെ ആരംഭിക്കും. പുതിയ തൂണുകളെത്തിയാല് വൈദ്യുതി ലൈനുകള്‍ മാറ്റും. കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാനപാത നിലവില്‍ രണ്ടുവരിയിലാണ് കോണ്ക്രീറ്റിടുന്നത്.
ഇതില്‍ പൂതംകുളം മുതല്‍ സെന്റ്് ജോസഫ്സ് കോളജ് ഇറക്കംവരെ 17 മീറ്റര്‍ വീതിയില്‍ നാലുവരിയായിട്ടാണ് നിര്‍മാണം. റോഡിനുപുറമേ ഇരുവശത്തും നടപ്പാത, കൈവരി, ഡിവൈഡര്‍, റിഫ്ലക്ടറുകള്‍, ദിശാബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കണം. നിര്മാണപ്രവൃര്ത്തികള്ക്കായി 11 കോടി രൂപ ചെലവുവരും. സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നാലുവരിയില്‍ റോഡ് നിര്‍മാണത്തിനു കൂടുതല്‍ ചെലവ് വരുമെന്നുള്ളതിനാല്‍ കെഎസ്ടിപി പുതിയ പദ്ധതി സര്‍ക്കാരിനും ബാങ്കിനും സമര്‍പ്പിക്കുകയായിരുന്നു. ഈ പദ്ധതി അംഗീകരിച്ചാണ് ജര്‍മന്‍ ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഠാണാ- ചന്തക്കുന്ന് റോഡില്‍ യൂട്ടിലിറ്റി പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. തൃശൂര്‍- കൊടുങ്ങല്ലൂര്‍ റോഡില്‍ കരുവന്നൂര്‍ ഭാഗത്തെ റോഡിന്റെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാകുന്നതോടെ ജില്ലാ ഭരണകൂടവുമായി ആലോചിച്ചശേഷം ഠാണാവില്‍ കോണ്ക്രീ റ്റിംഗ് ആരംഭിക്കും.
ഗതാഗതം തിരിച്ചുവിടുന്നതിനുള്ള റൂട്ടുകള്‍ നിശ്ചയിക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചശേഷമേ ഠാണാ ജംഗ്ഷനില്‍ കോണ്‍ക്രീറ്റിംഗ് നടപടികള്‍ ആരംഭിക്കുകയുള്ളൂ. അടുത്തയാഴ്ച ഇതുസംബന്ധിച്ച് കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നുണ്ട്. ഒരു മാസ ത്തിനകം കോണ്‍ക്രീറ്റിംഗ് നടപടികള്‍ ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.