കൊട്ടേക്കാട് - മുണ്ടൂർ റോഡ് വികസനത്തിനു സ്ഥലം വിട്ടുനൽകി കുറ്റൂർ പള്ളി
1582820
Sunday, August 10, 2025 8:15 AM IST
കുറ്റൂർ: കൊട്ടേക്കാട് - മുണ്ടൂർ റോഡ് വികസനത്തിനു സ്ഥലം വിട്ടുനൽകി കുറ്റൂർ മേരിമാത പള്ളി. പള്ളിയുടെ മുൻവശത്തെ, സെന്റിന് 12 ലക്ഷത്തോളം രൂപ വിലവരുന്ന ഭൂമിയിൽ അരസെന്റ് ആണ് റോഡ് നവീകരണത്തിനായി സൗജന്യമായി നൽകിയത്.
പള്ളി വിട്ടുനൽകിയ സ്ഥലം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് രേഖകൾ കൈമാറി. സ്ഥലം വിട്ടുനൽകുന്നതിലൂടെ കുറ്റൂർ പള്ളിയുടെ മുൻവശത്തുള്ള വളവുകളിൽ കട്ട വിരിച്ച് റോഡ് വേഗത്തിൽ തകരുന്നതും അപകടസാധ്യതയും ഒഴിവാകും. റോഡ് നവീകരണത്തിനായി സൗജന്യമായി സ്ഥലംവിട്ടുനൽകിയത് ഏവർക്കും മാതൃകയാണെന്നു രേഖകൾ കൈമാറി സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ പറഞ്ഞു.
ഭൂമി സംബന്ധിച്ച രേഖകൾ ഇടവകവികാരി ഫാ. ജോജു പൊറുത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ ചൂണ്ടൽ എന്നിവർക്ക് എംഎൽഎ കൈമാറി. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ യു.ആർ. രജിത, കോലഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഡി വികാസ് രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഉഷ രവീന്ദ്രൻ, പഞ്ചായത്തംഗം പ്രകാശ് ഡി. ചിറ്റിലപ്പിള്ളി എന്നിവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
കൊട്ടേക്കാട് - മുണ്ടൂർ റോഡിന്റെ ബിഎം ബിസി നിലവാരത്തിൽ 12.70 കോടി രൂപ ചെലവഴിച്ചാണ് നവീകരണപ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നത്.