ചേലക്കരയിലെ കാട്ടാനശല്യം; ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
1582812
Sunday, August 10, 2025 8:11 AM IST
ചേലക്കര: കഴിഞ്ഞദിവസങ്ങളിൽ ജനവാസമേഖലയിലേക്ക് ഇറങ്ങിയ കാട്ടാനയുടെ പ്രശ്നത്തിൽ മുള്ളൂർക്കര ആറ്റൂർ, മണലാടി പ്രദേശങ്ങളിൽ ജില്ലാ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജി. മാർട്ടിൻ, മുള്ളൂർക്കര പഞ്ചായത്ത് അധികൃതരും സ്ഥലസന്ദർശനം നടത്തി.
ഒരു യുവതിയെയും ഇരുചക്രവാഹനയാത്രികനെയും മറ്റൊരു യുവാവിനെയും കാട്ടാനയോടിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റിവിടാനാവശ്യമായ മാസ് ഡ്രൈവ് നടത്തുന്നതിനെ കുറിച്ച് ഡിഎഫ്ഒ കീഴുദ്യോഗസ്ഥരുമായി സംസാരിച്ചു. അടിയന്തരമായി നിരന്തരം കാട്ടാനകളിറങ്ങുന്ന മേഖലകളിൽ താത്കാലിക വൈദ്യുതവേലികൾ സ്ഥാപിക്കാനും ഡിഎഫ്ഒ നിർദേശം നൽകി. വഴിവിളക്കുകളില്ലാത്തയിടങ്ങളിൽ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങൾക്ക് ഉറപ്പ് നൽകി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനപാതയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി. മച്ചാട് റേഞ്ച് ഓഫീസർ അജിൽ പി. വേണുഗോപാൽ, വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അശോക് രാജ്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പി. വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, തങ്കപ്പൻ തുടങ്ങിയവരും ഉണ്ടായിരുന്നു.