പട്ടികവിഭാഗത്തിന്റെ ഉന്നമനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കേളു
1582827
Sunday, August 10, 2025 8:15 AM IST
ചാവക്കാട്: പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തിന്റെ വിദ്യാഭ്യാസരംഗത്തെ സര്‍വതല ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഒ.ആര്. കേളു പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ 37 വീടുകളുടെ പുനരുദ്ധാരണവും ഒറ്റത്തെങ്ങ് നഗറിനുള്ളിലെ ഉന്നതിറോഡില് കട്ടവിരിക്കലും തെക്കഞ്ചേരി റോഡിന്റെ നവീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എന്‍.കെ. അക്ബര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. അംബേദ്കര്‍ഗ്രാമം പദ്ധതി 96.97 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. നിര്‍മിതികേന്ദ്രം റീജിയണല്‍ എൻജനീയര് എ.എം. സതീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, കെ.വി. രവീന്ദ്രന്, ഇ.ടി. ഫിലോമിന, ഷൈനി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.