ആംബുലൻസിനു വഴിയൊരുക്കി വനിതാ പോലീസ് ഉദ്യോഗസ്ഥ
1582944
Monday, August 11, 2025 1:07 AM IST
തൃശൂർ: ഗതാഗതക്കുരുക്കിൽപെട്ട ആംബുലൻസിനു വഴിയൊരുക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം. അത്യാസന്ന നിലയിലായ രോഗിയുമായി മെഡിക്കൽ കോളജിലേക്കു പോകുന്പോഴാണ് അശ്വനി ജംഗ്ഷനിൽ ആംബുലൻസ് കുരുങ്ങിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അപർണ ലവകുമാർ ആംബുലൻസിന്റെ മുന്നിലേക്ക് ഓടിയെത്തി മറ്റു വാഹനങ്ങൾ നിയന്ത്രിച്ചു വഴിയൊരുക്കുകയായിരുന്നു.
മെഡി ഹബ് ഹെൽത്ത് കെയറിന്റെ ആംബുലൻസ് ഡ്രൈവർ ഫൈസലിന് ഒപ്പമുണ്ടായിരുന്ന ഇർഫാനാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കൃത്യസമയത്ത് ജീവൻ രക്ഷിക്കാൻ ഇടപെട്ടതിന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്യോഗസ്ഥയ്ക്ക് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ വാർഷിക അത്ലറ്റിക് മീറ്റിൽ നൂറുമീറ്റർ ഓട്ടത്തിലെ ഒന്നാംസ്ഥാനക്കാരിയായിരുന്നു അപർണ ലവകുമാർ. മുന്പ് ഒല്ലൂർ സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ ആശുപത്രി ചെലവിലേക്ക് ഒരു സ്ത്രീയ്ക്കു സ്വർണവള ഊരിനൽകിയ സംഭവം ഓർമിച്ചാണ് പലരും ഈ വീഡിയോ പങ്കുവച്ചത്.