കന്നാറ്റുപാടം ബ്രിട്ടീഷ് പാലത്തിന് സുരക്ഷാവേലി സ്ഥാപിച്ചു
1582937
Monday, August 11, 2025 1:07 AM IST
പാലപ്പിള്ളി: കുറുമാലിപ്പുഴയ്ക്ക് കുറുകെയുള്ള കന്നാറ്റുപാടം ബ്രിട്ടീഷ് പാലത്തിന് സുരക്ഷാ വേലിയായി. വീതി കുറഞ്ഞ പാലത്തിന്റെ ഇരുവശങ്ങളിലും 15 അടിയോളം താഴ്ചയും അതിനോട് ചേർന്ന് പുഴയുമാണുള്ളത്. കന്നാറ്റുപാടം സ്കൂളിന് സമീപത്തെ പാലത്തിന് സുരക്ഷാ സംവിധാനം ഇല്ലാത്തത് വലിയ ആശങ്കയായിരുന്നു. നാട്ടുകാരുടെ നിരന്തരമുള്ള ആവശ്യത്തെ തുടർന്നാണ് പാലത്തിന് സുരക്ഷാ വേലി സ്ഥാപിച്ചത്.
കൂടാതെ പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ ഒരു വർഷം മുൻപേ ജില്ല കളക്ടർക്ക് നിവേദനവും നൽകിയിരുന്നു.
ആവശ്യം ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം ചേരുകയും പാലത്തിന് സുരക്ഷാ വേലി സ്ഥാപിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് എൽഎസ്ജിഡി അധികൃതരെ നിർവഹണം ഏൽപ്പിച്ചു. അതിവേഗം ടെൻഡർ നടപടികളും സുരക്ഷാവേലി സ്ഥാപിക്കലും പൂർത്തിയായി.
ഉടൻതന്നെ ഉദ്ഘാടനവും ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അറിയിച്ചു.
1921ൽ കുറുമാലി പുഴയ്ക്ക് കുറുകെ പണിത ബ്രിട്ടീഷ് പാലത്തിന് സുരക്ഷ സംവിധാനം ഇല്ലാത്തത് ബസുകൾക്കും മറ്റുവാഹനങ്ങൾക്കും അപകട ഭീഷണിയായിരുന്നു. കാന്നാറ്റുപാടം സ്കൂളിലേക്ക് വിദ്യാർഥികൾ പോകുന്നതും ബ്രിട്ടീഷ് പാലത്തെ ആശ്രയിച്ചാണ്.
കോടാലി, വെള്ളിക്കുളങ്ങര, കൊടകര, ചാലക്കുടി, അതിരപ്പിള്ളി ഭാഗങ്ങളിൽനിന്ന് ചിമ്മിനി ഡാമിലേക്ക് വരുന്ന വിനോദ സഞ്ചാരികൾ ആശ്രയിക്കുന്നതും ഈ പാലത്തെയാണ്.