ഭക്തയുടെ സ്വർണാഭരണങ്ങൾ കവർന്ന സ്ത്രീ അറസ്റ്റിൽ
1582826
Sunday, August 10, 2025 8:15 AM IST
ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിയായ ഭക്തയുടെ സ്വര്‍ണാഭരണങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച സ്ത്രീയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു.
തൃശൂര്‍ ആറങ്ങോട്ടുകര മച്ചാട്ടുപറമ്പില്‍ വീട്ടിൽ വസന്ത(57)യെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ ജി. അജയകുമാറിന്റെ നിര്‍ദേശപ്രകാരം ടെമ്പിള്‍ എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ മേയ് മൂന്നിന് ക്ഷേത്രദര്‍ശനത്തിനു മുമ്പ് ദേവസ്വം കംഫര്‍ട്ട് സ്റ്റേഷനില്‍ കുളിക്കാനെത്തിയതായിരുന്നു തമിഴ്നാട് സ്വദേശിനിയായ ഭക്തയും മകളും. അവർ പുറത്തുവച്ചിരുന്ന ബാഗില്‍നിന്നും നാലുപവന് വരുന്ന സ്വര്‍ണാഭരണം വസന്ത കവർന്നു. കുളികഴിഞ്ഞെത്തി ബാഗ് തുറന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടന്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്കി. കംഫര്‍ട്ട് സ്റ്റേഷനിലെ സിസിടിവി പരിശോധനയിലാണു വസന്ത പിടിയിലായത്.
മോഷ്ടിച്ചതിൽ ഒരു മാല പ്രതി പിടിയിലായ സമയത്ത് അണിഞ്ഞിരുന്നു. ബാക്കിയുള്ള സ്വര്‍ണം വടക്കാഞ്ചേരിയിലെ സ്വകാര്യ പണമിടപാടുസ്ഥാപനത്തില്നിന്നു പോലീസ് കണ്ടെടുത്തു.
2022ല്‍ ഗുരുവായൂരില്‍വച്ച് ഒരു പഴ്സ് മോഷ്ടിച്ച കേസില്‍ പിടിയിലായ വസന്ത ജയില്ശിക്ഷയനുഭവിച്ചിരുന്നു.
പ്രതിയെ പിടികൂടിയ സംഘത്തില്‍ എഎസ്ഐമാരായ അഭിലാഷ്, സാജന്, സീനിയര്‍ സിപിഒ രഞ്ജിത് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.