ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം ഉറപ്പാക്കാൻ പ്രധാനമന്ത്രി ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്
1582816
Sunday, August 10, 2025 8:13 AM IST
തൃശൂർ: ഒഡീഷയിൽ കത്തോലിക്ക വൈദികർക്കും സന്യസ്തർക്കുമെതിരേ നടന്ന ആക്രമണത്തെ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂർ അതിരൂപതാസമിതി അപലപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കുനേരേ, പ്രത്യേകിച്ച് ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ ന്യൂനപക്ഷങ്ങളിൽ അരക്ഷിതബോധം സൃഷ്ടിക്കുന്നതാണെന്നു യോഗം വിലയിരുത്തി. ആവർത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങളിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മതന്യൂനപക്ഷങ്ങൾക്കു സുരക്ഷിതബോധം വീണ്ടെടുക്കാനും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനും സത്വരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസിസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത ഭാരവാഹികളായ കെ.സി. ഡേവിസ്, റോണി അഗസ്റ്റ്യൻ, അഡ്വ. ബൈജു ജോസഫ്, ലീല വർഗീസ്, ആന്റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.