ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ എംഎൽഎയുടെ രൂക്ഷവിമർശനം
1582822
Sunday, August 10, 2025 8:15 AM IST
വടക്കാഞ്ചേരി: ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ രൂക്ഷവിമർശനം. വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ നിർത്തുന്നുവെന്ന ഉത്തരവ് തന്നെ അറിയിക്കാതെ പുറത്തിറക്കിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. ഇന്നലെരാവിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ എംപി കെ. രാധാകൃഷ്ണൻ, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, യു.ആർ. പ്രദീപ് എന്നിവർ സംയുക്തമായി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് സേവ്യർ ചിറ്റിലപ്പിളളി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. ജനപ്രതിനിധികൾ അറിയാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നത് ശരിയല്ല. താനാണ് നിയോജകമണ്ഡലത്തിലെ എംഎൽഎയെന്നും അധികാരം മറ്റാർക്കുംനൽകിയിട്ടില്ലന്നും എംഎൽഎ രൂക്ഷമായ ഭാഷയിൽപറഞ്ഞു. നാണക്കേടുണ്ടാക്കുംവിധം ഏതു ഉദ്യോഗസ്ഥർ പ്രവർത്തിച്ചാലും അത് കണ്ടുനിൽക്കാൻ തന്നെ കിട്ടില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സിസിഎഫിന്റേയും ഉയർന്ന മറ്റു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും മുന്നിലാണ് എംഎൽഎ തുറന്നടിച്ചത്.
യോഗത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
കൃഷിയിടങ്ങളിൽ ആനയുൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുമ്പോൾ വിളിച്ചാൽ അധികൃതർ എത്താറില്ലെന്നും അതിനുള്ള നടപടി ഉണ്ടാകണമെന്നും യോഗത്തിൽ പങ്കെടുത്ത കർഷകർ പറഞ്ഞു.