ബാറിൽ വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗസംഘം അറസ്റ്റിൽ
1582939
Monday, August 11, 2025 1:07 AM IST
അന്തിക്കാട്: ബാറിൽ വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാനേജരേയും ജീവനക്കാരേയും ബാറിൽ എത്തിയവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി കേസിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ട അമ്പലക്കാവിടി സനീഷും നാല് കൂട്ടാളികളും അറസ്റ്റിൽ.
മനക്കൊടി വെളുത്തൂർ സ്വദേശികളായ പുളിക്കൽ വീട്ടിൽ അമ്പലക്കാവിടി എന്നറിയപ്പെടുന്ന സനീഷ് ( 38), ചുള്ളിപറമ്പിൽ വീട്ടിൽ കുടു എന്നറിയപ്പെടുന്ന അഭിഷേക് (23), ചുള്ളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് (34), കാഞ്ഞിരത്തിങ്കൾ വീട്ടിൽ സെബിൻ (20), മനക്കൊടി സ്വദേശി തട്ടിൽ വീട്ടിൽ മനു (26) എന്നിവരെയാണ് തൃശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിന് വൈകീട്ട് കുന്നത്തങ്ങാടി ബാറിന് മുന്നിൽ വച്ചായിരുന്നുസംഭവം. പരസ്പരം വാക്കുതർക്കവും അടിപിടിയും ഉണ്ടാക്കുകയും പ്രതികളിൽ ഒരാൾ ബാറിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും വടിവാൾ എടുത്ത് വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മറ്റൊരു പ്രതിയുടെ വാൾ പിടിച്ചുവാങ്ങി ചുഴറ്റി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ഇത് കണ്ട് തടയാൻ വന്ന ബാർ മാനേജരായ പടിയം കൊട്ടാരപ്പറമ്പ് സ്വദേശി വൈലപ്പിള്ളി വീട്ടിൽ രാജേന്ദ്രൻ (57) എന്നയാളെയും ബാറിലെ ജീവനക്കാരെയും ബാറിൽ മദ്യപിക്കാൻ വന്നവരെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്ഐമാരായ അഫ്സൽ, ജോസി, സിപിഒമാരായ അനീഷ്, കിരൺ, രഘു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.