ഭാരതപ്പുഴയോരം കൈയേറുന്നെന്ന് പരാതി
1582936
Monday, August 11, 2025 1:07 AM IST
തിരുവില്വാമല: പാമ്പാടി പാമ്പിൻകാവിനു സമീപം ഭാരതപ്പുഴയോരം വേലിയും മതിലും നിർമിച്ച് കൈയേറുന്നതായി
പരാതി. തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി വില്ലേജിൽ അഞ്ചാം വാർഡ് കണ്ണംകുണ്ട് ചെക്ക് ഡാമിനു സമീപമാണ് സ്വകാര്യവ്യക്തികൾ പുഴയോരവും ചെക്ക് ഡാമിനോടുചേർന്ന ഭാഗവും വളച്ചുകെട്ടി കൈവശപ്പെടുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
ഈ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ നിളയുടെ ഈ കടവിനെയാണ് ആശ്രയിക്കുന്നത്. കൃഷിയും കന്നുകാലിവളർത്തലും മീൻപിടിത്തവും ഉപജീവനമാർഗമായവരാണ് പ്രദേശവാസികളിൽ ഏറെയും. കഴിഞ്ഞദിവസം പുഴയോടു ചേർന്ന ഭാഗത്ത് മതിൽ പണിയുന്നത് വാർഡ് മെമ്പർ വിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കുറച്ചു മാറിയാണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പുഴയിലേക്ക് ഇറങ്ങാനുള്ള വഴി തടസപ്പെട്ടതായി പരാതിക്കാർ പറയുന്നു.
അമ്പതോളം കുടുംബങ്ങളാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. തഹസിൽദാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ തുടങ്ങിയവർക്ക് കോളനിവാസികൾ പരാതി നൽകിയിട്ടുണ്ട് . എംഎൽഎ യു.ആർ. പ്രദീപിനും പരാതിനൽകുമെന്ന് നാട്ടുകാർ പറഞ്ഞു.