കേരളത്തിലേക്ക് സ്പിരിറ്റൊഴുകും; ജാഗ്രതയിൽ എക്സൈസും പോലീസും
1582831
Sunday, August 10, 2025 8:15 AM IST
തൃശൂർ: ഓണക്കാലത്തു ലഹരിപിടിപ്പിക്കാൻ കേരളത്തിലേക്കു വൻതോതിൽ സ്പിരിറ്റൊഴുകുമെന്നു സൂചന. നിരീക്ഷണവും പരിശോധനകളും ശക്തമാക്കി എക്സൈസും പോലീസും.
കൊടകരയിൽ ഇന്നലെ പിടികൂടിയ 2700 ലിറ്ററിലധികം സ്പിരിറ്റ് ഇത്തരത്തിൽ ഓണം കൊഴുപ്പിക്കാനായി കൊണ്ടുവന്നതാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും വൻതോതിൽ സ്പിരിറ്റ് ഓണക്കാലത്ത് എത്തുമെന്നാണ് എക്സൈസിനു കിട്ടിയിട്ടുള്ള വിവരം. അതുകൊണ്ടുതന്നെ സംസ്ഥാനത്തെന്പാടും എക്സൈസ് വാഹനപരിശോധനകളും പതിവു റെയ്ഡുകളും കർശനമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്നുതന്നെയാണ് പ്രധാനമായും സ്പിരിറ്റ് എത്തുന്നത്. ഓണക്കാലത്തു വൻതോതിൽ വ്യാജമദ്യ ഉത്പാദനവും വിതരണവും ലക്ഷ്യമിട്ടാണ് സ്പിരിറ്റ് കടത്ത് നടത്തുന്നത്.
ബംഗളുരുവിൽനിന്നുതന്നെയാണ് വൻതോതിൽ സ്പിരിറ്റെത്തുന്നതെന്നാണ് വിവരം. വൻതോതിൽ എത്തിക്കുന്ന സ്പിരിറ്റ് എക്സൈസിന്റെയോ പോലീസിന്റെയോ കണ്ണിൽപെടാത്ത സ്ഥലത്തെ ഗോഡൗണുകളിൽ സൂക്ഷിച്ച് ആവശ്യക്കാർക്കു വേണ്ട അളവിൽ എത്തിച്ചുകൊടുക്കുന്ന രീതിയാണുള്ളത്.
ബംഗളുരുവിൽനിന്നും മറ്റും സ്പിരിറ്റ് വാങ്ങുന്പോൾ മുഴുവൻ തുകയും നൽകണമെന്നുള്ളതുകൊണ്ട് കേരളത്തിൽനിന്നു കൈനിറയെ പണവുമായാണ് സ്പിരിറ്റ് മാഫിയാ സംഘങ്ങൾ അതിർത്തി കടക്കുക. സ്പിരിറ്റ് കടത്തിനു മണി പന്പിംഗ് നടത്താൻ വന്പൻമാരും രംഗത്തുണ്ട്.