ആമ്പല്ലൂരിൽ സര്‍വീസ് റോഡ് കീറി കാനപണി, കുരുക്ക് കടുപ്പം
1582833
Sunday, August 10, 2025 8:15 AM IST
ആമ്പല്ലൂർ: ദേശീയപാതയിൽ അടിപ്പാതയുടെ പണി നടക്കുന്ന ആമ്പല്ലൂരിൽ സര്‍വീസ് റോഡ് കീറി കാനപണി തുടങ്ങിയതോടെ അനിയന്ത്രിതമായി ഗതാഗതക്കുരുക്ക്. ആമ്പല്ലൂർ സെന്ററിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് നിലവിലെ കാന പൊളിച്ചുപണിയുന്നത്.
തൃശൂര്‍ - ചാലക്കുടി ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലാണ് കാനപണി. വെള്ളിയാഴ്ച വൈകീട്ടാണ് പണി തുടങ്ങിയത്. പണി ആരംഭിച്ചതോടെ റോഡിന്റെ വീതി കുറയുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയുമായിരുന്നു. രണ്ടും മൂന്നും വരികളിലായി പോയിരുന്ന വാഹനങ്ങള്‍ ഒറ്റവരിയാക്കി വിട്ടുതുടങ്ങിയതോടെ കുരുക്കു മുറുകി. മണിക്കൂറുകള്‍ എടുത്താണ് വാഹനങ്ങള്‍ കടന്നുപോയിരുന്നത്.
വരന്തരപ്പിള്ളി റോഡിൽനിന്നു വരുന്ന വാഹനങ്ങൾകൂടിയായതോടെ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായി. ആംബുലന്‍സ് ഉൾപ്പെടെ അവശ്യസർവീസുകൾ തിരക്കിൽ കുടുങ്ങിക്കിടപ്പായിരുന്നു.
അടിപ്പാതയുടെ പണിനടക്കുന്ന സാഹചര്യത്തില്‍ മഴ കൂടി പെയ്തതോടെ ആമ്പല്ലൂര്‍ പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തുടർന്നാണ് സര്‍വീസ് റോഡിലെ കാന പൊളിച്ചുപണിയാൻ തുടങ്ങിയത്.
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
പാലിയേക്കര: മണലി പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപ കടം. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും വരികയായിരുന്ന കാറും കെഎസ്ആര്‍ടിസി ബസുമാണ് അപകടത്തില്‍ പെട്ടത്.
അപകടത്തെതുടര്‍ന്ന് വാഹനങ്ങളുടെ നിര പുതുക്കാട് വരെ എത്തിയിരുന്നു. രണ്ടുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.