ജനറൽ ആശുപത്രി കാട് കയറുന്നു, കോണ്‍ക്രീറ്റ് തകരുന്നു
1582943
Monday, August 11, 2025 1:07 AM IST
സി.ജി. ജിജാസൽ
തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രി. നാടിന്റെ ആരോഗ്യം കൈമാറേണ്ട ഇടം, ഇന്നിപ്പോൾ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. ചരിത്രത്തിന്റെ താളുകളിൽ നിറപ്പകിട്ടോടെ തലയുയർത്തിനിന്നിരുന്ന ഈ ആതുരാലയം ഇന്ന് അവഗണനയാലും ജാഗ്രതക്കുറവിനാലും കാടുകയറി നശിക്കുന്നു.
നവീകരണപ്രവൃത്തികളിലൂടെ നിറംപിടിപ്പിച്ച കെട്ടിടം പുറത്തുനിന്നു തിളക്കമുള്ളതായി തോന്നാമെങ്കിലും, അതിന്റെ ഉള്ളുതന്നെ ദുരന്തത്തിന്റെ അരികിലാണ്. സണ്‍ഷെയ്ഡുകൾ തകർന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികൾ ഓരോ ദിനവും പൊട്ടിവീഴുകയാണ്. ദിവസേന നൂറുകണക്കിനു രോഗികൾ എത്തുന്ന ആശുപത്രിക്കാണ് ഈ അവസ്ഥയെന്നു മറക്കരുത്.
കാലപ്പഴക്കത്താലും ഈർപ്പത്താലും തകർച്ച നേരിടുന്ന ചുറ്റുമതിലുകളും ഈർപ്പംപടർന്ന ചുവരുകളും പൈപ്പുകൾ തകർന്നു ചോരുന്ന മലിനജലം സണ്ഷെയ്ഡുകളിൽകൂടി തട്ടിത്തെറിച്ചു മോർച്ചറി റോഡിലൂടെയുള്ള യാത്രക്കാരുടെ ദേഹത്തേക്കു തെറിക്കുന്നതും ഇവിടെ പതിവുകാഴ്ചയായി മാറിയിരിക്കയാണ്.
മഴയും വെയിലും മാറിമാറിവരുന്ന കാലാവസ്ഥയിൽ പകർച്ചവ്യാധികൾ ഭീഷണിയായി നിലനിൽക്കുന്പോഴും ആശുപത്രിയുടെ ചുറ്റുപാടുകൾ കാടുകയറി നിശ്ചലമായി കിടക്കുകയാണെന്നതും ആശുപത്രിയുടെ ദുരവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. കോളജ് റോഡിലും മോർച്ചറി റോഡിലും ആശുപത്രിയുടെ കെട്ടിടങ്ങൾക്കുചുറ്റുമുള്ള ഇടങ്ങളിൽ വലിയതോതിൽ പുല്ലും പടർപ്പും വളർന്നിരിക്കയാണ്.
ആശുപത്രിയെന്നതിനോടു പൊരുത്തപ്പെടാത്ത ഈ അവസ്ഥയെക്കുറിച്ച് അതിനുള്ളിൽ ജോലിചെയ്യുന്നവർപോലും കണ്ണടച്ചുനിൽക്കുന്നുവെന്നതാണ് ഏറ്റവും ദുഃഖകരമായ മറ്റൊരു കാര്യം. വീടും പരിസരവും വൃത്തിയാക്കാത്തതിനു സാധാരണ ജനങ്ങൾക്കു പിഴ ഈടാക്കുന്ന ആരോഗ്യപ്രവർത്തകർ, തങ്ങളുടേതായ സ്ഥാപനത്തിലെ ഈ കാഴ്ചയെ എന്തുകൊണ്ടാണ് കാണാത്തത്? ഇതാണ് നാട്ടുകാരുടെ വേദനയും ചോദ്യംകൂടിയുമാകുന്നത്.
കെട്ടിടത്തിന്റെ ഉറപ്പും സുരക്ഷയും
പുനഃപരിശോധിക്കണം: രാജൻ പല്ലൻ
ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കെട്ടിടത്തിന്റെ ഉറപ്പും സുരക്ഷയും പുനഃപരിശോധിക്കേണ്ടതാണെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കോർപറേഷൻ അധികാരികൾ ആരും കെട്ടിടം ശ്രദ്ധിക്കുന്നില്ലെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുംവിധമാണ് ആശുപതിയിലും കെട്ടിടത്തിലും പലയിടങ്ങളിലും കാടുകയറിയിരിക്കുന്നത്.
മലിനജലം പലവിധ അസുഖങ്ങൾക്കും വഴിവയ്ക്കുന്നു. ആശുപതിയുടെ ദയനീയസ്ഥിതി നേരത്തേ പ്രതിപക്ഷം രണ്ടുതവണ കൗണ്‍സിലിൽ ഉന്നയിച്ചതാണ്. വരുംകൗണ്സലിലും ഇക്കാര്യം ഉന്നയിക്കും. വിഷയത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.