നാലമ്പല ദര്‍ശനത്തിന് ആയിരങ്ങള്‍, ഭക്തരുടെനിര കിലോമീറ്ററോളം നീണ്ടു
1582929
Monday, August 11, 2025 1:07 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിലും അരിപ്പാലം പായമ്മല്‍ ക്ഷേത്രത്തിലും നാലമ്പല ദര്‍ശനത്തിനു വന്‍തിരക്ക്. ഇന്നലെ കര്‍ക്കടക മാസത്തിലെ അവസാന ഞായറായിരുന്നതിനാല് വന്‍ ഭക്തജനത്തിരക്കായിരുന്നു.
ദര്‍ശനത്തിനായി കാത്തുനിന്ന ഭക്തജനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു. മണിക്കൂറുകളോളം കാത്തുനിന്നാണ് കൂടല്‍മാണിക്യത്തിലും പായമ്മലിലും ദര്‍ശനത്തിനായി സാധിച്ചത്. ദര്‍ശനത്തിനായി ഭക്തരുടെ വരി എംജി റോഡ് വരെ നീണ്ടപ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസും വോളന്റിയര്‍മാരും എറെ ബുദ്ധിമുട്ടി.
പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. പാര്‍ക്കിംഗിനു സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും പല ഡ്രൈവര്‍മാരും സ്ഥലമറിയാതെ വാഹനങ്ങളുമായി കറങ്ങിയതു ഗതാഗതക്കുരുക്കിനിടയാക്കി. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുള്ള റോഡുകളിലും ഗതാഗതം സ്തംഭിച്ചു. തീര്ഥാടകരെയുംകൊണ്ട് എത്തിയ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മെയിന്‍ റോഡിലും നിറഞ്ഞതോടെ നഗരം ഗതാഗതക്കുരുക്കിലായി. പതിനായിരത്തിലധികം ഭക്തര്‍ക്ക് അന്നദാനം നല്‍കിയതായും കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ എത്തിയതായും ദേവസ്വം അധികൃതര്‍ അറിയിച്ചു.
8000 ത്തോളം പേര്‍ക്ക് പായമ്മല്‍ ക്ഷേത്രത്തില്‍ അന്നദാനം നല്കി. തീര്‍ഥാടകരുടെ ക്യൂ അയോധ്യഹാള്വരെ നീണ്ടു. ഹരിപ്പാട്, പത്തനംതിട്ട, കോട്ടയം, വയനാട്, തലശേരി, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നീ കേന്ദ്രങ്ങളില്‍ നിന്നായി 12 സ്പെഷല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തി. ഇതിനു പുറമേ ടൂറിസം വകുപ്പിന്റെ രണ്ടു ബസുകളും കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ രണ്ടുബസുകളും സര്‍വീസ് നടത്തി.