തെരുവുനായ് ഭീഷണിക്കെതിരേ പച്ചയണിഞ്ഞ് മണ്സൂണ്വാക്ക്
1582946
Monday, August 11, 2025 1:07 AM IST
തൃശൂർ: പച്ച ടീഷർട്ടും വെള്ളത്തൊപ്പിയും ധരിച്ച് സ്ത്രീകളടക്കമുള്ള പ്രഭാതനടത്തക്കാർ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന സന്ദേശവുമായി മണ്സൂണ്വാക്ക് നടത്തി. വേൾഡ് മലയാളി കൗണ്‍സിൽ വള്ളുവനാട് പ്രൊവിൻസ് സംഘടിപ്പിച്ച മഴക്കാലനടത്തത്തിൽ വിവിധ പ്രദേശങ്ങളിലെ പ്രഭാതനടത്തസംഘങ്ങളിലെ എഴുന്നൂറോളം പേർ പങ്കാളികളായി. വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ മണികണ്ഠനാൽത്തറയ്ക്കരികിൽ തൃശൂർ എസിപി സലീഷ് എൻ. ശങ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു. തെരുവുനായ് ഭീഷണിക്കെതിരേ പ്രചാരണം നയിക്കുന്ന ജോസ് മാവേലി, രാജീവ് എന്നിവരെ ആദരിച്ചു.
പൂമലയിലേക്കു 14 കിലോമീറ്ററായിരുന്നു നടത്തം. കൂട്ടനടത്തം പൂമലയിലെ റിച്ച് ഇന്ത്യ റിസോർട്ടിൽ സമാപിച്ചു. മെഗാ സൂംബാ ഡാൻസും അവതരിപ്പിച്ചു. പങ്കെടുത്തവർക്കു ടീ ഷർട്ടും തൊപ്പിയും ലഘുഭക്ഷണവും സൗജന്യമായി നൽകി. തെരുവുനായ് ശല്യത്തിനെതിരേ അവബോധം സൃഷ്ടിക്കാനുള്ള പൈലറ്റ് പ്രൊജക്ടായാണ് മണ്‍സൂണ്‍ വാക്ക് നടത്തിയത്. തെരുവുനായ്ക്കൾക്കു ഷെൽട്ടർ നിർമിക്കാൻ രണ്ടേക്കർ ലഭിച്ചാൽ വിദേശങ്ങളിലേതുപോലെ സൗകര്യങ്ങളുള്ള ഷെൽട്ടറുകൾ നിർമിച്ചുപരിപാലിക്കാൻ വേൾഡ് മലയാളി കൗണ്‍സിൽ മുന്നിലുണ്ടാകുമെന്ന് വള്ളുവനാട് പ്രൊവിൻസ് ചെയർമാൻ ജോസ് പുതുക്കാടൻ അറിയിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ എ.എസ്. രാജീവ്, സുജിത് ശ്രീനിവാസൻ, ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, പ്രൊവിൻസ് പ്രസിഡന്റ് ജെയ്സണ്‍, സെക്രട്ടറി ചന്ദ്രപ്രകാശ് എടമന, ട്രഷറർ രാജാഗോപാലൻ, എം.എം.എ. റസാക്ക്, അഡ്വ. ഷാജി കോടങ്കണ്ടത്ത്, രഞ്ജി മഞ്ഞില, ടൈനി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.