ഇക്കുറി പുലിക്കളി പൊരിക്കും
1582942
Monday, August 11, 2025 1:07 AM IST
തൃശൂർ: നാലോണനാളിൽ തൃശൂർ നഗരത്തിലേക്കിറങ്ങാൻ പുലിമടകളിൽ ഒരുക്കങ്ങൾ തുടങ്ങി. പുലികളിറങ്ങുന്ന വിവരം പടുകൂറ്റൻ ഫ്ലെക്സുകളുയർത്തി നാടറിയിച്ചുകഴിഞ്ഞു പുലിക്കളിസംഘങ്ങൾ. ആവേശം വാരിവിതറുന്ന ചിത്രങ്ങളും തലക്കെട്ടുകളും അടിക്കുറിപ്പുകളും സഹിതമാണ് പുലിക്കളിക്കിറങ്ങുന്ന ദേശങ്ങൾ ഫ്ലെക്സുകൾ ഉയർത്തിയിരിക്കുന്നത്.
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, യുവജനസംഘം വിയ്യൂർ, ചക്കാമുക്ക് തുടങ്ങിയ ദേശങ്ങളെല്ലാം ഫ്ലെക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. കളിക്കാരെയും കൊട്ടുകാരെയും സംഘങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു. കുടവയറൻപുലികൾക്കുള്ള ബുക്കിംഗ് നേരത്തേതന്നെ കഴിഞ്ഞു.
നീണ്ട ഇടവേളയ്ക്കുശേഷം ശക്തന്റെ തട്ടകത്തിലേക്കു തിരിച്ചെത്തുന്ന പുലിക്കളിസംഘങ്ങളും ഇത്തവണയും പുലികളായി തുടരും എന്ന പ്രഖ്യാപിച്ച പുലിക്കളി ടീമുകളും പുലിപ്പൂരത്തിന് എത്തുന്നുണ്ട്. ആകെ എത്ര ടീമുകൾ പങ്കെടുക്കുന്നുണ്ടെന്നറിയാൻ ഈ മാസം 15 വരെ കാത്തിരിക്കണം. അന്നാണ് അപേക്ഷ നൽകേണ അവസാനതീയതി.
കോർപറേഷന്റ നേതൃത്വത്തിൽ നാലോണനാളിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ സംഘാടകസമിതി രൂപീകരിച്ചുകഴിഞ്ഞു. പുലിക്കളിസംഘങ്ങൾക്കുള്ള സഹായധനമായി 3,12,500 രൂപ ഇത്തവണയും നൽകും.
62,500 രൂപയാണ് ഒന്നാംസമ്മാനം. 50,000 രൂപ, 43,750 രൂപ എന്നിങ്ങനെയാണ് രണ്ട്, മൂന്ന് സമ്മാനങ്ങൾ. ട്രോഫികളും ഉണ്ടാകും. ഈ വർഷം മുതൽ മികച്ച പുലിവരയ്ക്കും സമ്മാനം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ മുൻവർഷങ്ങളെക്കാൾ പുലിവര ഇത്തവണ കെങ്കേമമാകും.
ഓണ്‍ലൈൻ, സോഷ്യൽമീഡിയ എന്നിവയിലൂടെ പുലിക്കളിക്കു പ്രചാരം നൽകാനും തങ്ങളുടെ ദേശത്തെ പുലിക്കളിയുടെ വിശേഷങ്ങൾ പങ്കിടാനും പുതിയ മാർഗങ്ങൾ തേടിയിട്ടുണ്ട് ചില സംഘങ്ങൾ.
കുമ്മാട്ടിസംഘങ്ങളും ഇത്തവണ മുൻവർഷത്തെക്കാൾ സജീവമായി ഫ്ലെക്സുകളുയർത്തി രംഗത്തുണ്ട്.