എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റ്
1582828
Sunday, August 10, 2025 8:15 AM IST
വടക്കാഞ്ചേരി: എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റ്. കേരള യൂത്ത്ഗൈഡൻസ് മൂവ്മെന്റിന്റെ 2025ലെ പുരസ്കാരമാണ് എസ്. ബസന്ത്ലാലിനു നൽകുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോ.രാജൻ വർഗീസ്, പ്രഫ. എം.കെ. രാമചന്ദ്രൻ, ജെ. ഉഷ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ ലഭിച്ച മാതൃകാപരവും രാഷ്ട്രീയത്തിനതീതവുമായ പൊതുജന അംഗീകാരം, അഴിമതിരഹിതമായ പ്രവർത്തനം, പ്ലാൻഫണ്ടിന്റെ വിനിയോഗം എന്നിവയെല്ലാമാണ് ബസന്ത്ലാലിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്നു ഭാരവാഹികൾ പറഞ്ഞു.
സെപ്റ്റംബർ ആദ്യവാരം എരുമപ്പെട്ടി പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണം നടക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ സംഘടനാ പ്രസിഡന്റ് അഡ്വ. സേവ്യർ പാലാട്ടി, സെക്രട്ടറി സോണി തോമസ്, കെ.പി. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.