ഭാര്യക്കു ക്രൂരമർദനം; സിപിഎം നേതാവിനെതിരേ കേസ്
1582830
Sunday, August 10, 2025 8:15 AM IST
എരുമപ്പെട്ടി: ഭാര്യയെ മർദിച്ച സംഭവത്തിൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് ആദൂർ വാർഡ് മെമ്പറും സിപിഎം നേതാവുമായ പി.എം. മുഹമ്മദുകുട്ടിക്കെതിരേ പോലീസ് കേസെടുത്തു. ശാരീരികമായും മാനസികമായും തന്നെ നിരന്തരം പീഡിപ്പിക്കുന്നെന്ന ഭാര്യ നബീസയുടെ പരാതിയിൽ ഗാർഹികപീഡനം ഉൾപ്പടെയുള്ള വകുപ്പ് ചേർത്താണ് എരുമപ്പെട്ടി പോലീസ് കേസെടുത്തത്.
സംഭവത്തെതുടർന്ന് സിപിഎം ആദൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുഹമ്മദുകുട്ടിയെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കി. പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ജൂലൈ 31-നാണ് കേസിനാസ്പദമായ സംഭവം. ആദൂരിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിലെ താത്കാലിക സ്വീപ്പറായിരുന്നു നബീസ. ജോലിക്കു പോകുന്നതിനിടയിൽ റോഡിൽവച്ചാണ് മുഹമ്മദുകുട്ടി മർദിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14 ന് ഇത്തരത്തിൽ മർദിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടതിനാൽ ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവിടെനിന്ന് ജോലിക്കു വരുമ്പോഴാണ് വിജനമായ സ്ഥലത്തുവച്ച് നബീസയെ ക്രൂരമായി മർദിച്ചത്. നബീസയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ടായിട്ടുണ്ട്. നെഞ്ചിലും വാരിയെല്ലിലും ചവിട്ടിയതിനെതുടർന്ന് ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്നു പറയുന്നു.
മുഹമ്മദുകുട്ടിയുടെ ആദ്യഭാര്യ മരിച്ചതിനെതുടർന്ന് 2017 ലാണ് ഒറ്റപ്പാലം സ്വദേശിയായ നബീസയെ വിവാഹംചെയ്തത്. നബീസയുടെ ആദ്യവിവാഹമാണ്. അന്നു നബീസയ്ക്കു 47 വയസും മുഹമ്മദ്കുട്ടിക്ക് 65 വയസുമായിരുന്നു പ്രായം. വിവാഹം കഴിഞ്ഞു രണ്ടുമാസം പിന്നിട്ടപ്പോൾതന്നെ ഭർത്താവ് ദേഹോപദ്രവം തുടങ്ങിയെന്നു നബീസ പറയുന്നു.
വിവാഹമോചനം നടത്തി പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കൊന്നു തോട്ടിൽ തള്ളുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നബീസ പരാതിയിൽ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.