കുഞ്ഞിപ്പറമ്പ് പ്രദേശത്തു കാട്ടുപന്നി ശല്യം രൂക്ഷം
1596665
Saturday, October 4, 2025 2:06 AM IST
പയ്യാവൂർ:പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ് പ്രദേശത്തു കാട്ടുപന്നി ശല്യം രൂക്ഷം. പച്ചക്കറിക്കൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതു കർഷകരെ വലയ്ക്കുകയാണ്.
മരച്ചീനി, വാഴ, ചേമ്പ്, ചേന, മധുരക്കിഴങ്ങ് , കൂർക്ക തുടങ്ങിയവ എല്ലാം പന്നികൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ജോസ് മൗണ്ടിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി വീട്ടുക്കൃഷി നശിപ്പിച്ചു. പന്നികൾ കൂട്ടത്തോടെ എത്തിയാണു മധുരക്കിഴങ്ങും കൂർക്കയും കുത്തിമറിക്കുന്നത്. ഇരുട്ടുന്നതോടെ ഇറങ്ങുന്ന പന്നികൾ പുലരും വരെ ഈ പ്രദേശത്തു കാണും.
കാട്ടുപന്നികൾ വിഹരിക്കുന്നതു റബർ ടാപ്പിംഗിനും പ്രതിസന്ധിയാണ്. ഇവയെ ഭയന്നു ടാപ്പിംഗ് തൊഴിലാളികൾ നേരം പുലർന്ന ശേഷമാണു ജോലി ആരംഭിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളും കുട്ടികളും പുറത്ത് ഇറങ്ങാറില്ല.
ഇവയുടെ ശല്യത്തിൽ നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കുന്നത്തൂർ, വാതിൽമട, പൊന്നുംപറമ്പ് ഭാഗങ്ങളിലെ പറമ്പുകളിലും വിഹരിക്കുകയാണ് കാട്ടുപന്നിക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രി ജോസിന്റെ വീടിനു വീട്ടുമുറ്റത്താണ് പന്നിയെത്തിയത്. ജോസ് മൗണ്ട് ചർച്ചിന് സമീപത്തെ 10 മൂട് മധുരക്കിഴങ്ങും കൂർക്കയും ചേമ്പും ഒരുരാത്രികൊണ്ട് പന്നി നശിപ്പിച്ചു.
വളരെ ദൂരെ സ്ഥലത്തുനിന്നാണ് ഇവിടെ പന്നിയെത്തുന്നത്. കാർഷിക മേഖലയായ പയ്യാവൂർ പാടത്തും പറമ്പിലുമൊന്നും കൃഷി ചെയ്യാനാകാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. നാടൻ കെണികളൊരുക്കിയാലും പന്നിയിൽനിന്ന് രക്ഷനേടാൻ പ്രയോജനപ്പെടുന്നില്ല. കൃഷി ചെയ്യാൻ കഴിയാത്തതിനാൽ പലരും പറമ്പുകൾ തരിശിട്ടിരിക്കുകയാണ്.