കൊട്ടിയൂർ പഞ്ചായത്ത് വികസന സദസ് നടത്തി
1596676
Saturday, October 4, 2025 2:06 AM IST
കൊട്ടിയൂർ: കൊട്ടിയൂരിന്റെ ഭാവി വികസനം ലക്ഷ്യമിട്ടും വിനോദ സഞ്ചാരം, കാർഷിക-ക്ഷീര മൃഗസംരക്ഷണ മേഖലകളിലെ നേട്ടങ്ങൾ അവതരിപ്പിച്ചും കൊട്ടിയൂർ പഞ്ചായത്ത് വികസന സദസ് നടത്തി. പ്രസിഡന്റ് റോയ് നന്പുടാകം ഉദ്ഘാടനം ചെയ്തു.
വന്യമൃഗശല്യം തടയുന്നതിന് കൂടുതൽ കർമപദ്ധതികൾ ആവിഷ്ക്കരിച്ചും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് കൂടുതൽ പദ്ധതികൾ യഥാർഥ്യമാക്കിയും കൊട്ടിയൂരിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ നിർമാർജനത്തിൽ ജില്ലയിൽ ഒന്നാമതാണ് കൊട്ടിയൂർ പഞ്ചായത്തെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പതുരുത്തിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഉൾകൊള്ളിച്ച പ്രോഗ്രസ് റിപ്പോർട്ട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ തങ്കപ്പന് നൽകി പ്രസിഡന്റ് പ്രകാശനം ചെയ്തു.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി സ്ഥലം വിട്ടുനൽകിയ പന്തപ്ലാക്കൽ ജോണിയെ പരിപാടിയിൽ ആദരിച്ചു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട് കില ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.എം. രമണൻ അവതരിപ്പിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ജെ. ഷാജി, ഉഷ അശോക് കുമാർ, ജീജ ജോസഫ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ. സുനീന്ദ്രൻ, കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ മിനി പൊട്ടങ്കൽ, ബാലൻ പുതുശേരി, ഷേർലി പടിയാനിക്കൽ, ബാബു കാരിവേലിൽ, എ.റ്റി. തോമസ്, ജെസ്സി റോയി, ലൈസ ജോസ്, ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിയിൽ, അസിസ്റ്റന്റ് സെക്രട്ടറി എം. ജി. സുബാഷ് എന്നിവർ പങ്കെടുത്തു.