പൊതുപ്രവർത്തകർ ലാളിത്യം തിരിച്ചു പിടിക്കണം: ചാണ്ടി ഉമ്മൻ
1596668
Saturday, October 4, 2025 2:06 AM IST
പെരുമ്പടവ് : പഴയ തലമുറയിലെ ഏതാണ്ടെല്ലാ പൊതുപ്രവർത്തകരും ലളിത ജീവിതം ഒരു വ്രതമായി സ്വീകരിച്ചിരുന്നവരായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഈ ലാളിത്യം പുതുതലമുറ രാഷ്ട്രീയക്കാർ തിരിച്ചു പിടിച്ചില്ലെങ്കിൽ യുവജനം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് കൂടുതൽ അകലുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പാൽ കെ.ജി. നമ്പ്യാർ സ്മാരക ട്രസ്റ്റ് മികച്ച പൊതു പ്രവർത്തകർക്കായി ഏർപ്പെടുത്തിയ കെ.ജി. സ്മാരക അവാർഡ് വി. കൃഷ്ണൻ മാസ്റ്റർക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലളിത ജീവിതം കൊണ്ടും സമർപ്പിത ശൈലി കൊണ്ടും പൊതുരംഗത്തെ സക്രിയമാക്കിയവരായിരുന്നൂ കെ.ജിയും കൃഷ്ണൻ മാസ്റ്ററുമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
ഫാ. ജോർജ് തൈക്കുന്നംപുറം അനുഗ്രഹഭാഷണം നടത്തി. ട്രസ്റ്റ് കൺവീനർ പി.വി. രാജേഷ് കെ.ജി. നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി, എം.കെ. രാജൻ, കെ. ജയരാജ് , കെ.കെ. സുരേഷ് കുമാർ, സുഷമ വത്സൻ, അന്നക്കുട്ടി ബെന്നി,എം.പി. ജ്യോതിലക്ഷ്മി, ജോസഫ് കട്ടത്തറ , ഇല്ലിക്കൽ ജെയിംസ് , കരിപ്പാൽ സുരേന്ദ്രൻ ,കെ.കെ. സനൂപ്, ശ്രീരാജ് കരിപ്പാൽ എന്നിവർ പ്രസംഗിച്ചു.