പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 22 ന്
1596680
Saturday, October 4, 2025 2:06 AM IST
കണ്ണൂർ: യുണൈറ്റഡ് മാർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നവംബർ 22 ന് നടത്തുന്ന പേരാവൂർ മിഡ്നൈറ്റ് മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ക്ലീൻ കേരള ഗ്രീൻ കേരള ഹെൽത്ത് ന്യൂജൻ ആശയം ഉയർത്തിപ്പിടിച്ച് നടത്തുന്ന മൂന്നാമത് എഡിഷൻ മിഡ്നൈറ്റ് മാരത്തൺ നവംബർ 22ന് രാത്രി 11 ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കിസ്ന ഡയമണ്ട് ആൻഡ് ഗോൾഡ് ജ്വല്ലറി, ഹരികൃഷ്ണ ഗ്രൂപ്പുമായി ചേർന്നാണ് ഇത്തവണ മാരത്തൺ സംഘടിപ്പിക്കുന്നത്. ഒളിംപ്യൻ ടിന്റു ലൂക്കയാണ് ഇവന്റ് അംബാസിഡർ. നാലു പേർ അടങ്ങുന്ന ടീമുകളാണ് മത്സരിക്കുക. ഇവർക്കാണ് കാഷ് പ്രൈസ് ലഭിക്കുക. സിംഗിൾ ആയി മത്സാരിക്കാമെങ്കിലും കാഷ് പ്രൈസ് ലഭിക്കില്ല.18 വയസുള്ള ഒരാൾക്ക് 300 രൂപയും 18 വയസിന് താഴെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
പേരാവൂർ പഴയ സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് തെറ്റുവഴി, തൊണ്ടിയിൽ, ചെവിടിക്കുന്ന് വഴി പഴയ ബസ് സ്റ്റാൻഡിലാണ് 'മാരത്തൺ സമാപിക്കുക. ഏഴു കിലോമീറ്ററാണ് മാരത്തൺ റൂട്ട്. ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങളിൽ എത്തുന്ന പുരുഷ-വനിതാ ടീമുകൾക്ക് 15000, 10000 , 5000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.
50 വയസിനു മുകളിലുള്ള അഞ്ചു വനിതകൾക്കും 60 വയസിന് മുകളിൽ ഉള്ള അഞ്ച് പുരുഷന്മാർക്കും ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും.
സർവീസിലുള്ള യൂണിഫോം വിഭാഗത്തിന് പുരുഷന്മാർക്കും വനിതകൾക്കും ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 4000 രൂപയും ഗ്രൂപ്പിന് ലഭിക്കും. 18 വയസിനു താഴെയുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം 3000 , 2000, 1000 രൂപയും സമ്മാനം ലഭിക്കും.
ഒരു ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, കെ.എം. ബഷീർ, ഒ.ജെ. ബെന്നി, വി.കെ. രാധാകൃഷ്ണൻ, പ്രവീൺ കാറാട്ട്, ജോഷി മാത്യു എന്നിവർ പങ്കെടുത്തു.