സ്പെയർ പാർട്സ് ഗോഡൗണിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
1596670
Saturday, October 4, 2025 2:06 AM IST
ആലക്കോട്: ആലക്കോട് പാലത്തിനു സമീപത്തെ ഓട്ടോ മൊബൈൽ സ്പെയർപാർട്സ് കടയുടെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കെ.വി. ഓട്ടോ മൊബൈൽ സ്പെയർപാർട്സ് കടയുടെ ഗോഡൗണിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രഥമിക നിഗമനം. കടയുടമ അബ്ദുറഹിമാൻ ജുമാനിസ്കാരത്തിന് പള്ളിയിൽ പോയ സമയത്താണ് കടയ്ക്ക് പിറകിലായുള്ള ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഗോഡൗണിലെ കാനുകളിലും ബാരലുകളിലും ഓയിൽ ഉൾപ്പെടെ ഉള്ളതിനാൽ തീ പെട്ടെന്നു പടരുകയായിരുന്നു.
തീപിടിത്തം ശ്രദ്ധയിൽ പെട്ട ഉടനെ നാട്ടുകാരും വ്യാപാരികളും ചുമട്ടുതൊഴിലാളികളും സ്ഥലത്തെത്തിയ ആലക്കോട് പോലീസും സംയുക്തമായി തീ മറ്റിടങ്ങളിലേക്ക് പടരാതെ തടഞ്ഞതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഒന്നരയോടെ തളിപ്പറന്പിൽ നിന്നുമെത്തിയ അഗ്നി രക്ഷാസേനയാണ് തീയണച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അടക്കമുള്ള നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു.