വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധം: ഹർത്താൽ ആചരിച്ചു
1596672
Saturday, October 4, 2025 2:06 AM IST
ചെമ്പേരി: നെല്ലിക്കുറ്റിയിലെ സൺഡേ സ്കൂൾ അധ്യാപകനും വ്യാപാരി നേതാവുമായ ബിജു തയ്യിലിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതിൽ പ്രതിഷേധിച്ച് നെല്ലിക്കുറ്റിയിലെ വ്യാപാരികൾ ഇന്നലെ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിലെ പാരിഷ് ട്രസ്റ്റിയും ചെമ്പേരി ടൗണിൽ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കുറ്റി യൂണിറ്റ് സെക്രട്ടറിയുമായ ബിജു തയ്യിലിനെ ഒരാൾ വാഹനം തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കല്ലു കൊണ്ടുള്ള ഇടിയേറ്റ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ബിജു തളിപ്പറന്പിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിജുവിനെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ദേവസ്യ മേച്ചേരി, സാബു മണിമല എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
വൈഎംസിഎ ചെമ്പേരി യൂണിറ്റ് മുൻ പ്രസിഡന്റും നിലവിൽ ഡയറക്ടർ ബോർഡ് അംഗവുമായ ബിജു തയ്യിലിനെ അക്രമിച്ചതിൽ വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രതിഷേധിച്ചു.
കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബി ഇലവുങ്കൽ, വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ്, എമ്മാനുവൽ ജോർജ്, ടോമി മാത്യു, വി.ജെ. ഷാജിമോൻ, ജോസ് മേമടം, കെ.ജെ. ജോഷി, ജോമി ജോസ്, ദീപു ജോസ്, ബാബുക്കുട്ടി ജോർജ്, കെ.വി. സൈജു, സാജു വർഗീസ്, എന്നിവർ പ്രസംഗിച്ചു.