വേണ്ടത് 97 അധ്യാപക തസ്തികകൾ; നിയമനം 19 എണ്ണത്തിൽ മാത്രം
1596687
Saturday, October 4, 2025 2:06 AM IST
ബദിയടുക്ക: കാസർഗോഡ് മെഡിക്കൽ കോളജിൽ ആദ്യഘട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി 97 അധ്യാപക തസ്തികകൾ അനുവദിക്കുന്നതിനായാണ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് ശിപാർശ സമർപ്പിച്ചിരുന്നത്. പക്ഷേ അനുവദിച്ചുകിട്ടിയത് 61 തസ്തികകൾ മാത്രമാണ്. ഇതിൽത്തന്നെ ഇതുവരെ നിയമനം നടന്നത് 19 എണ്ണത്തിൽ മാത്രം. ബാക്കിയുള്ള തസ്തികകളിലെല്ലാം സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിൽനിന്ന് താത്കാലികമായി ജോലി ക്രമീകരണ വ്യവസ്ഥയിൽ അധ്യാപകരെ കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത്. ഇവർ ഘട്ടംഘട്ടമായി മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങുന്നതോടെ മെഡിക്കൽ കോളജിൽ അധ്യാപകക്ഷാമമുണ്ടാകുമെന്ന് ഉറപ്പാണ്.
നഴ്സിംഗ് ഓഫീസർ മുതൽ ഇസിജി ടെക്നീഷൻ വരെയും ഫാർമസിസ്റ്റുകളും ഓഫീസ് ജീവനക്കാരുമുൾപ്പെടെ 273 ജീവനക്കാർ വേണ്ടിടത്ത് 117 തസ്തികകളിൽ മാത്രമേ ഇതുവരെ നിയമനം നടന്നിട്ടുള്ളൂ. ക്ലാർക്കുമാരുടെ 12 തസ്തികകൾ വേണ്ടിടത്ത് ആറെണ്ണം മാത്രമേ സൃഷ്ടിച്ചിട്ടുള്ളു. ഇതിൽ മൂന്ന് തസ്തികയിൽ മാത്രമാണ് ഇതുവരെ നിയമനം നടന്നത്.
ഗവ. മെഡിക്കൽ കോളജ് കെട്ടിടത്തിൽ രണ്ടുവർഷം മുമ്പ് തുടങ്ങിയ ഗവ. നഴ്സിംഗ് കോളജിൽ 18 അധ്യാപകർ വേണ്ടിടത്ത് നിലവിൽ ഏഴുപേർ മാത്രമാണ് ഉള്ളത്. മെഡിക്കൽ കോളജ് പൂർണ സജ്ജമാകുന്നതോടെ നഴ്സിംഗ് കോളജ് ഇവിടെനിന്ന് മാറ്റേണ്ടിവരും. ഉക്കിനടുക്കയിൽ മെഡിക്കൽ കോളജിനായി അനുവദിച്ച 63 ഏക്കർ സ്ഥലത്തിൽനിന്ന് മൂന്നേക്കർ നഴ്സിംഗ് കോളജിനായി മാറ്റാൻ ധാരണയായിട്ടുണ്ട്. ഇവിടെ നഴ്സിംഗ് കോളജിന് സ്വന്തം കെട്ടിടവും ഹോസ്റ്റലുകളും സ്റ്റാഫ് ക്വാർട്ടേഴ്സുമടക്കം നിർമിക്കണം.