ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്ക് ഇനി നൈറ്റ് ഷെല്‍ട്ടര്‍ സൗകര്യം
1596673
Saturday, October 4, 2025 2:06 AM IST
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമിച്ച നൈറ്റ് ഷെൽട്ടറിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിക്ക് പുതിയ ആംബുലൻസിനായി 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നൈറ്റ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. രണ്ട് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക ടോയ്ലറ്റ്, മുകളിലത്തെ നിലയില്‍ ഒരു ഹാള്‍, 12 കിടക്കകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം ഫാര്‍മസി, ലാബ് എന്നിവയുടെ മുന്‍വശം ഷീറ്റ് ഇടുകയും വാഷിംഗ് ഏരിയ, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കാഷ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എൻ.വി. ശ്രീജിനി, ഡിഎംഒ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിന് സുരേന്ദ്രന്, ആര്‍എംഒ സുമിന്‍ മോഹന്‍, എച്ച്എംസി അംഗങ്ങളായ ടി.പി. വിജയന്, സി.പി. സന്തോഷ്കുമാര്‍, ആശുപത്രി ലേ സെക്രട്ടറിയും ട്രഷററുമായ എ.പി. സജീന്ദ്രന്, സിഎന്‍ഒ ഇന്‍ ചാര്‍ജ് ശാന്ത പയ്യ, സ്റ്റാഫ് സെക്രട്ടറി സി. പ്രമോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.