ചിത്രശലഭങ്ങളുടെ ഫോട്ടോ പ്രദർശനം
1596677
Saturday, October 4, 2025 2:06 AM IST
ഇരിട്ടി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് ഡിവിഷനും മലബാർ അവേർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് കൺസർവേഷൻ (മാർക്ക്) എൻജിഒയും സംയുക്തമായി ഇരിട്ടിയിൽ ചിത്രശലഭങ്ങളുടെ ഫോട്ടോ പ്രദർശനം ആരംഭിച്ചു.
കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംരക്ഷിത വനമേഖലയായ ആറളം വന്യജീവി സങ്കേതം ഇന്ത്യയിലെ തന്നെ ആദ്യത്തെ ശലഭസങ്കേതമായി സർക്കാർ അംഗീകരിച്ചിരുന്നു. ആറളത്ത് കാണപ്പെടുന്ന വിവിധയിനം ചിത്രശലഭങ്ങളെക്കുറിച്ച് അറിവ് നൽകുന്നതിനും ആരോഗ്യമുള്ള ആവാസ വ്യവസ്ഥയുടെ സൂചകങ്ങളായ ചിത്രശലഭങ്ങളെ കുറിച്ചുള്ള പ്രാധാന്യവും വിദ്യാർഥികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുക എന്നതുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സവിത സഹദേവൻ പകർത്തിയ ആറളം വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനായി വെച്ചിരിക്കുന്നത്. ഫോട്ടോ പ്രദർശനം ഇരിട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.
വൈൽഡ് ലൈഫ് വാർഡൻ, ആറളം ഡിവിഷൻ വി. രതീശൻ,അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഡോ. റോഷനാഥ്, മാർക്ക് സെക്രട്ടറി തുടങ്ങിയവർ പ്രസംഗിച്ചു. ഇരിട്ടി മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന ചിത്രപ്രദർശനം എട്ടിന് സമാപിക്കും.