ജില്ലയിൽനിന്ന് ഒരേയൊരു വിദ്യാർഥിനി
1596688
Saturday, October 4, 2025 2:06 AM IST
ബദിയടുക്ക: കാസർഗോഡ് ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ആദ്യ ബാച്ചിൽ ജില്ലയിൽനിന്ന് ഒരേയൊരു വിദ്യാർഥിനി മാത്രം. മലയോര പഞ്ചായത്തായ പനത്തടിയിൽ നിന്നുള്ള എ.ആർ. ആഷിക രാജ് ആണ് മെഡിക്കൽ കോളജിൽ ആദ്യമായി പ്രവേശനം നേടിയ 40 പേരിൽ ആതിഥേയജില്ലയുടെ ഏക പ്രതിനിധിയായത്.
ആദ്യബാച്ചിൽ പ്രവേശനം നേടിയ 40 പേരിൽ 35 പേർ സംസ്ഥാന ക്വാട്ടയിൽനിന്നും അഞ്ചുപേർ കേന്ദ്ര ക്വാട്ടയിൽ നിന്നുമാണ്. കേന്ദ്ര ക്വാട്ടയിൽ പ്രവേശനം നേടിയവരിൽ മൂന്നുപേർ മലയാളികളും മറ്റു രണ്ടുപേർ രാജസ്ഥാനിൽനിന്നും ലക്ഷദ്വീപിൽനിന്നും ഉള്ളവരുമാണ്. സംസ്ഥാന ക്വാട്ടയിൽ പ്രവേശനം നേടിയവരിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവരുണ്ട്. ആദ്യഘട്ടത്തിൽ അനുവദിച്ച 50 സീറ്റുകളിൽ പത്തെണ്ണത്തിൽ ഇനിയും പ്രവേശന നടപടികൾ പൂർത്തീകരിക്കാനുണ്ട്. 50 സീറ്റുകൾ കൂടി അധികമായി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഇതെല്ലാമാകുമ്പോൾ ജില്ലയിൽനിന്നു കൂടുതൽ കുട്ടികൾ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷ.
പാണത്തൂർ മയിലാട്ടിയിലെ കെ. രാജേന്ദ്രന്റെയും കള്ളാർ പഞ്ചായത്തിലെ ഓവർസിയർ ഇ. രാധാമണിയുടെയും മകളാണ് ആഷിക രാജ്. പത്താംക്ലാസ് വരെ പാണത്തൂർ ഗവ. ഹൈസ്കൂളിലും പ്ലസ്ടുവിന് ബളാംതോട് ഗവ. എച്ച്എസ്എസിലുമാണ് പഠിച്ചത്. സഹോദരൻ ഗോപക് രാജ് ഇസാഫ് ബാങ്കിൽ ജീവനക്കാരനാണ്. ഇളയ സഹോദരി റിഷിക രാജ് പാണത്തൂർ ജിഎച്ച്എസിൽ എട്ടാംക്ലാസ് വിദ്യാർഥിനി.