വയോധികയുടെ കാലിൽ ബസ് കയറിയ സംഭവം: നടപടി വേണം
1586764
Tuesday, August 26, 2025 4:30 AM IST
തലയോലപ്പറമ്പ്: തലയോല പ്പറമ്പ് ബസ്റ്റാൻഡിൽ സ്വകാര്യ ബസ് കയറിയിറങ്ങി വയോധി കയുടെ വലതു കാൽ ചതഞ്ഞരഞ്ഞ സംഭവത്തിൽ തലയോലപ്പറമ്പ് പോലിസ് ബസ് ഡ്രൈവർ വൈക്കം പുലിയാട്ടുചിറ ധനേഷിന്റെ മൊഴിയെടുത്തു. അടുത്തദിവസം പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് കോടതിയിലേക്കു കൈമാറുമെന്ന് പോലീസ് പറഞ്ഞു.
അപകടത്തെത്തുടർന്ന് ഡ്രൈവറുടെ പേരിൽ കേസ് രജിസ്റ്റർചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും എഫ്ഐആറിൽ ഡ്രൈവറുടെ പേരോ മറ്റു വിവരങ്ങളോ ചേർത്തിട്ടില്ല. അപകടം ഉണ്ടാക്കിയ ആവേമരിയ ബസിന്റെ നമ്പർ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അശ്രദ്ധമായി വാഹനം ഓടിച്ചു, വയോധികയെ ഗുരുതരമായി പരിക്കേൽപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഡ്രൈവർക്കെതിരേ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ വൈക്കം ഉദയനാപുരം വൈക്കപ്രയാർ കമ്മട്ടിത്തറ രമണ(75)യുടെ വലതുകാൽപ്പാദത്തിലൂടെയാണ് ബസ് കയറിയിറങ്ങിയത്.