കുറവിലങ്ങാട് എട്ടുനോന്പിനൊരുങ്ങി
1586765
Tuesday, August 26, 2025 4:30 AM IST
കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടനകേന്ദ്രം എട്ടുനോമ്പാചരണത്തിനും പത്താമത് ബൈബിൾ കൺവൻഷനുമായി ഒരുങ്ങി. ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റന്റ് വികാരിയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്താമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ 28 മുതൽ സെപ്റ്റംബർ ഒന്നുവരെ നടക്കുമെന്ന് അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ എന്നിവർ പറഞ്ഞു.
കൺവൻഷൻ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, മുട്ടുചിറ റൂഹാദ്ക്കുദിശാ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം നാലുമുതൽ ഒൻപതുവരെയാണ് കൺവൻഷൻ.
തിരുനാൾ ഒരുക്കങ്ങൾക്കും തുടർപ്രവർത്തനങ്ങൾക്കുമായി 501 അംഗവോളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പള്ളിയോഗാംഗങ്ങൾ, കുടുംബക്കൂട്ടായ്മാ ഭാരവാഹികൾ, പ്രമോഷൻ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികളുടെ പ്രവർത്തനം.
തീർഥാടനങ്ങൾ
കൊടിയേറ്റിനു പിന്നാലെ മുത്തിയമ്മ തീർഥാടനങ്ങളും ആരംഭിക്കും. മുട്ടുചിറ റൂഹാദ്ക്കുദിശാ ഫൊറോന, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന, കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവക, രത്നഗിരി സെന്റ് തോമസ് ഇടവക, കത്തോലിക്ക കോൺഗ്രസ്, ഡിസിഎംഎസ്, എസ്എംവൈഎം, ജീസസ് യൂത്ത്, പിതൃവേദി രൂപതാതല സമിതികൾ, മാതൃവേദി മേഖല, ഇടവകയിൽ വിശ്വാസപരിശീലനം നേടുന്ന വിദ്യാർഥികൾ, വിശ്വാസപരിശീലകർ എന്നിങ്ങനെയെത്തുന്ന തീർഥാടനങ്ങളെ വരവേൽക്കാനായി എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുള്ളതായി കൈക്കാരന്മാരായ റെജി തോമസ് മിറ്റത്താനിക്കൽ, ജോസ് പടവത്ത്, വി.സി. ജോയി വള്ളോശേരിൽ, സുനിൽ ജോസഫ് അഞ്ചുകണ്ടത്തിൽ എന്നിവർ പറഞ്ഞു.
ദിനാചരണങ്ങൾ
നോമ്പിലെ ആദ്യദിനം കുറവിലങ്ങാട് നസ്രാണി മഹാസംഗമം വാർഷികദിനം, രണ്ടിന് വയോജനദിനം, മൂന്നിന് സംഘടനാദിനം, നാലിന് വാഹനവെഞ്ചരിപ്പ് ദിനം, അഞ്ചിന് കർഷകദിനവും അധ്യാപക ദിനവും അനുരഞ്ജന ദിനവും, ആറിന് സമർപ്പിതദിനം, ഏഴിന് കൃതജ്ഞതാദിനം, മേരിനാമധാരീ സംഗമം എന്നിങ്ങനെ ദിനാചരണങ്ങളും നടത്തും.
അഖണ്ഡപ്രാർഥന
എട്ടു നോമ്പിന്റെ മുഴുവൻ സമയവും പള്ളി അടയ്ക്കാതെ പ്രാർഥന നടത്തും. എട്ടുനോമ്പിന്റെ ദിനങ്ങളിൽ മുഴുവൻ സമയം പള്ളിയിൽ താമസിച്ചു പ്രാർഥനയും സങ്കീർത്തനാലാപനവുമായി കഴിഞ്ഞിരുന്നത് കുറവിലങ്ങാടിന്റെ പാരമ്പര്യമായിരുന്നു. ഇതിന്റെ തുടർച്ചയാണ് അഖണ്ഡപ്രാർഥന.
തിരുസ്വരൂപം സംവഹിക്കാൻ
എട്ടുനോമ്പിന്റെ ദിവസങ്ങളിൽ ജപമാല പ്രദക്ഷിണത്തിൽ തിരുസ്വരൂപം സംവഹിക്കാൻ എത്തുന്നത് ഇടവകയുടെയും നാടിന്റെയും പരിച്ഛേദം. ഇടവകയിലെ എല്ലാ അത്മായ, ഭക്തജനസംഘടനകളും തിരുസ്വരൂപം സംവഹിക്കുന്നതിൽ പങ്കാളികളാകും. ഇതിനൊപ്പം നാട്ടിലെ വ്യാപാരികളും ഡ്രൈവർമാരും ഓരോ ദിവസങ്ങളിൽ മുത്തിയമ്മയുടെ തിരുസ്വരൂപം സംവഹിക്കും.
മുത്തിയമ്മ ഫെലോഷിപ്പ്
ലോകമെങ്ങുമുള്ള കുറവിലങ്ങാട് മുത്തിയമ്മ ഭക്തരെ കോർത്തിണക്കുന്ന കുറിലങ്ങാട് മുത്തിയമ്മ ഫെലോഷിപ് ഓഫ് നസ്രാണീസിൽ ചേരാൻ കൺവൻഷൻ ദിവസങ്ങളിലും നോമ്പിന്റെ ദിവസങ്ങളിലും അവസരമുണ്ട്. ഫെലോഷിപ് അംഗങ്ങളുടെ നിയോഗാർഥമാണ് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലെയും രാവിലെ 4.30നുള്ള വിശുദ്ധ കുർബാനയർപ്പണം.
പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബക്കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർമാരായ ജിയോ കരികുളം, സണ്ണി വെട്ടിക്കാട്ടിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.