തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഹോം ഗാർഡിനെ നിയോഗിക്കണം, ഹന്പ് നിർമിക്കണം
1586766
Tuesday, August 26, 2025 4:30 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ ഹോം ഗാർഡിനെ നിയോഗിക്കാനും ഹന്പ് നിർമിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. അമിത വേഗത്തിൽ സ്റ്റാൻഡിലേക്ക് എത്തുന്ന ബസുകൾ തട്ടി ആളപായമുണ്ടാകാത്തത് ഭാഗ്യംകൊണ്ടാണെന്ന് യാത്രക്കാർ പറയുന്നു.
സ്റ്റാൻഡിലേക്ക് പാഞ്ഞെത്തുന്ന ബസുകൾ സ്റ്റാൻഡിന്റെ ഇടതുവശത്ത് വാഹനം തിരിച്ച് യാത്രക്കാർ കൂടിനിൽക്കുന്ന സ്ഥലത്ത് നിർത്തുകയാണ് പതിവ്. കെഎസ്ആർടിസിക്കും സ്വകാര്യബസുകൾക്കും ഈ ഒരു സ്റ്റാൻഡ് മാത്രമാണുള്ളത്. കൂടുതൽ യാത്രക്കാരെ തങ്ങളുടെ വാഹനത്തിലേക്കു കയറ്റുന്നതിനുവേണ്ടി സ്വകാര്യ ബസുകൾ യാത്രക്കാർ നിൽക്കുന്നിടത്തേക്ക് ചേർത്തുനിർത്തുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്.
രണ്ടുവർഷങ്ങൾക്കു മുമ്പ് സ്റ്റാൻഡിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ഹോംഗാർഡിനെ നിയമിച്ചിരുന്നു.ഇപ്പോൾ ഹോംഗാർഡ് ഇല്ല. സ്റ്റാൻഡിനുള്ളിലേക്കു കയറിവരുന്ന ഭാഗത്ത് ഹബ്ബ് നിർമിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
തലയോലപ്പറമ്പ് സ്റ്റാൻഡിന്റെയും വ്യാപാരസമുച്ചയത്തിന്റെയും നിർമാണം കരാർ കാലവധി കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. മഴക്കാലത്ത് ബസ് സ്റ്റാൻഡിന്റെ ഉൾഭാഗത്തെ കുഴികളിൽ ചെളിവെള്ളം നിറയും. പാഞ്ഞുവരുന്ന ബസുകൾ കുഴികളിൽ ചാടുമ്പോൾ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾക്കുള്ളിലേക്കും യാത്രക്കാരുടെ ശരിരത്തേക്കും വെള്ളം തെറിച്ചുവിഴുന്ന സ്ഥിതിയാണ്.