ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ഥി അറസ്റ്റില്‍
1586770
Tuesday, August 26, 2025 4:33 AM IST
ചങ്ങനാശേരി: ഒരു കിലോ കഞ്ചാവും, 10 ഗ്രാം എംഡിഎംഎയുമായി ചങ്ങനാശേരി നഗരത്തില്‍നിന്നു വിദ്യാര്‍ഥി പിടിയില്‍. ബംഗളൂരുവിൽ പഠിക്കുന്ന മാടപ്പള്ളി മാമ്മൂട് പരപ്പൊഴിഞ്ഞ വീട്ടില്‍ ആകാശ് മോനെ (19) യാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പോലീസും ചേര്‍ന്നു നഗരത്തിലെ കോളജിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഓണത്തിന് വില്പനക്കായാണ് ബംഗളൂരുവിൽനിന്നു ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡിവൈഎസ്പി കെ.പി. തോംസന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ബി.വിനോദ് കുമാര്‍, എസ്ഐമാരായ ജെ. സന്ദീപ്, പി.എസ്. രതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ് സ്റ്റാന്‍ലി, അജേഷ്, ടോണി സേവ്യര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിന്, എം.എ. നിയാസ് എന്നിവരടങ്ങുന്ന സംഘവും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.