അസംപ്ഷൻ കോളജിന് മിന്നും ജയം
1586772
Tuesday, August 26, 2025 4:33 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അസംപ്ഷൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച പ്ലാറ്റിനം ജൂബിലി സൗത്ത് ഇന്ത്യ ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസത്തിൽ അസംപ്ഷൻ കോളജിന് മിന്നും ജയം. രാവിലെ നടന്ന ആദ്യ ലീഗ് മത്സരത്തിൽ അസംപ്ഷൻ കോളജ് എസ്എൻ കോളജ് ചേളന്നൂരിനെ (25-21, 25 - 15, 25 - 18) തോല്പിച്ചു.
രണ്ടാം ലീഗ് മത്സരത്തിൽ സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട എസ്ആർഎമ്മിനെ തുടർച്ചയായ മൂന്നു സെറ്റുകളിൽ പരാജയപ്പെടുത്തി ( 25-22, 25-22, 25-22 ). ഉച്ചകഴിഞ്ഞു നടന്ന മൂന്നാം ലീഗ് മത്സരത്തിൽ അസംപ്ഷൻ കോളജ് ചങ്ങനാശേരി നേരിട്ടുള്ള മൂന്ന് സെറ്റുകളിലൂടെ സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തി (25-17, 25 -21, 25 -23).
ഇന്നു നടക്കുന്ന അവസാന ലീഗ് മത്സരങ്ങളിൽ സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട എസ്എൻ കോളജ് ചേളന്നൂരിനെയും അസംപ്ഷൻ കോളജ് ചങ്ങാനാശേരി എസ്ആർഎം ചെന്നൈയേയും നേരിടും.
അസംപ്ഷൻ പ്ലാറ്റിനം ജൂബിലി സൗത്ത് ഇന്ത്യ ഇൻവിറ്റേഷണൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ നോക്കൗട്ട് മത്സരങ്ങളിൽ അസംപ്ഷൻ കോളജ് സെന്റ് തെരേസാസ് കോളേജ് എറണാകുളത്തേയും (40-18) എസ്എൻ കോളജ് കൊല്ലം രാജഗിരി കോളജിനെയും (53-38) അൽഫോൻസ കോളജ് പാലാ സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുടയെയും (54-21) മാർ ഇവാനിയോസ് കോളജ് പിഎസ്ജിആർ കോളജ് കോയമ്പത്തൂർ (63-58) പരാജയപ്പെടുത്തി. ബാസ്കറ്റ്ബോൾ മത്സരത്തിന്റെ ആദ്യ ലീഗ് മത്സരത്തിൽ അസംപ്ഷൻ കോളജ് എസ്എൻ കോളജ് കൊല്ലത്തെ പരാജയപ്പെടുത്തി (63-39 ).
ഇന്നുനടക്കുന്ന അസംപ്ഷൻ പ്ലാറ്റിനം ജൂബിലി സൗത്ത് ഇന്ത്യ ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയായി സമ്മാനദാനം നിർവഹിക്കും. ഇന്റർനാഷണൽ വോളിബോൾ താരം കിഷോർ കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കൾ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ അസംപ്ഷനിൽനിന്ന് വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുത്ത താരങ്ങളെയും ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങളെയും അവരുടെ പരിശീലകരെയും ആദരിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ രണ്ട് ലീഗ് മത്സരങ്ങൾ നടക്കും.