അരൂരിൽ കായലിന്റെ നിറം മാറുന്നു; രാസമാലിന്യമെന്ന് സൂചന
1583629
Wednesday, August 13, 2025 8:20 AM IST
അരൂർ : അരൂർ ഇൻഡസ്ട്രിയൽ ഏരിയായിലെ കായലിന്റെ നിറം മാറുന്നു. വ്യവസായ കേന്ദ്രത്തിലെ ചെമ്മീൻ തലസംസ്കരണ കമ്പനികളിലെ രാസമാലിന്യം കായലിൽ തള്ളുന്നതാണ് നിറം മാറ്റത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അരൂർ - ഇടക്കൊച്ചി പാലത്തിലൂടെ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്നവർ ദുർഗന്ധം സഹിക്കാൻ കഴിയാതെ മൂക്കുത്തിയാണ് പോകുന്നത്. വൈകുന്നേരങ്ങളിൽ കായൽ മനോഹാരിത ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ എത്താറുള്ള പാലമാണിത്.
വർധിച്ചുവരുന്ന ദുർഗന്ധം മൂലം കഴിഞ്ഞ കുറെ കാലമായി സഞ്ചാരികൾ പാലത്തിലേക്ക് കടക്കാറില്ല. പാലത്തിലും ശുചിമുറിമാലിന്യം ഉൾപ്പെടെ തള്ളുന്നതും പതിവായിട്ടുണ്ട്.
അരൂർ ഗ്രാമപഞ്ചായത്ത് താല്പര്യമെടുത്ത് സഞ്ചാരികളെആകർഷിക്കാൻ കായലോരത്ത് ഇരിപ്പിടങ്ങളോടെ പാർക്ക് ഒരുക്കിയിരുന്നു. മാലിന്യം കുന്നുകൂടിയതിനെ തുടർന്ന് പാർക്ക് അനാഥമായി മാറിയിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കാണാനെത്തുന്നവർ മൂക്കുപൊത്തി ഓടുന്ന സ്ഥിതിയാണുള്ളത്.
രാസമാലിന്യത്തിന്റെ കാഠിന്യം ഇടക്കൊച്ചി പാലത്തിന്റെ സ്പാനുകളിലെ കമ്പികളെ തുരുമ്പിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കായൽ മലിനീകരണം മൂലം മത്സ്യക്ഷാമം രൂക്ഷമാണെന്ന് ചീനവലകളിലും നീട്ടു വലകളിലും മത്സ്യം പിടിക്കുന്ന തൊഴിലാളികൾ പറയുന്നു. ഇൻഡസ്ട്രിയൽ ഏരിയായിലെ തൊഴിലാളികളും, മുക്കം, പ്രോജക്ട് കോളനികളിൽ താമസിക്കുന്നവരും ശ്വസിക്കുന്നത് രാസമാലിന്യം കലർന്ന വായുവാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണത്തെക്കുറിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.