മദ്യപിച്ചു പരിശോധനയ്ക്കെത്തിയ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ
1583799
Thursday, August 14, 2025 4:52 AM IST
കോതമംഗലം: മദ്യപിച്ചു റേഷൻ കട പരിശോധനക്ക് എത്തിയ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസർ ഷിജു പി. തങ്കച്ചന് സസ്പെൻഷൻ. ജില്ല സപ്ലൈ ഓഫീസർ ബിന്ദു മോഹനന്റെയും കോതമംഗലം പോലീസ് ഇൻസ്പെക്ടറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ കെ. ഹിമ യാണ് നടപടി സ്വീകരിച്ചത്.
ഇരമല്ലൂരിലെ 41 -ാം നമ്പർ കട വൈകിയാണ് തുറക്കുന്നതെന്ന് ആരോപിച്ച് നടപടിയെടുക്കാൻ എത്തിയതായിരുന്നു ഷിജു പി. തങ്കച്ചൻ. ചൊവ്വാഴ്ച്ച രാവിലെയാണ് ഇയാൾ പരിശോധനയ്ക്ക് എത്തിയത്. കട പൂട്ടാനുള്ള നടപടിക്കെതിരേ വ്യപാരികളുടെയും നാട്ടുകാരുടെയും എതിർപ്പുണ്ടാകുകയും ഇതിനിടെ ഷിജു മദ്യപിച്ചിട്ടുണ്ടെന്ന് സംശയം ഉയരുകയുമായിരുന്നു.
ശാരീരിക അസാസ്ഥ്യം പ്രകടിപ്പിച്ച ഓഫീസറെ വൈദ്യ പരിശോധനക്കായി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ഓടുന്ന വാഹനത്തിൽനിന്നും ഇറങ്ങി ഓടാനും ശ്രമം നടത്തി. പക്ഷേ നാട്ടുകാർ ഈ ശ്രമം വിഫലമാക്കി. തുടർന്ന് സപ്ലൈ ഓഫീസറെ കോതമംഗലം പോലീസിന് കൈമാറുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇദേഹത്തിന്റെ മോശമായ ഇടപെടൽ സംബന്ധിച്ചു റേഷൻ വ്യാപാരികൾ നിരവധി തവണ മേൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നതാണ്.