മഞ്ഞപ്ര വടക്കുംഭാഗം-ആനപ്പാറ റോഡിന് 4.40 കോടി
1583785
Thursday, August 14, 2025 4:33 AM IST
മഞ്ഞപ്ര: മഞ്ഞപ്ര പഞ്ചായത്തിലെ മഞ്ഞപ്ര വടക്കുംഭാഗം മുതല്‍ തവളപ്പാറ വഴി ആനപ്പാറ വരെയുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കാന്‍ 4.40 കോടി രൂപയുടെ പുതുക്കിയ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു.
അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകള്‍ ബിഎം ആൻഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ റോഡിന് നേരത്തെ നാല് കോടി രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ പിഡബ്ലുഡിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഷെഡ്യൂള്‍ റേറ്റ് വര്‍ധിച്ച സാഹചര്യത്തില്‍ റോഡിന്റെ നിര്‍മാണത്തിനായി അധിക തുക ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എ സര്‍ക്കാരില്‍ നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിരക്കിന് അനുസൃതമായി 4.40 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി സര്‍ക്കാര്‍ നല്കുകയാണുണ്ടായത്. ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.